കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറാണ് അനില്‍ കുംബ്ലെ. ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള അനില്‍ കുംബ്ല പല ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു. കൈക്കുഴകൊണ്ട് മായാജാലം കാട്ടിയിരുന്ന കുംബ്ലെ എവേ മൈതാനങ്ങളിലും മികവ് തെളിയിച്ചിരുന്ന താരമാണ്. ഇപ്പോഴിതാ അനില്‍ കുംബ്ലെ തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര.
'ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ അനില്‍ കുംബ്ലെ എനിക്ക് കുറച്ച് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയിട്ടുണ്ട്.സാധാരണ രീതിയിലുള്ള ലെഗ് സ്പിന്നറല്ല കുംബ്ലെ. വലിയ ശരീരമുള്ള കുംബ്ലെ കൈകള്‍ ഉയര്‍ത്തിയാണ് പന്തെറിയുന്നത്. വേഗതയിലും സ്റ്റംപിന് നേരെയും കൃത്യതയോടെയും പന്തെറിയുന്നു. റണ്‍സിനായി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ബൗണ്‍സും പന്തില്‍ കൂടുതലാണ്. വളരെ സ്‌നേഹമുള്ള വ്യക്തിത്വമാണ്. ക്രിക്കറ്റിനെ ആത്മാര്‍ത്ഥമായി അദ്ദേഹം സ്‌നേഹിച്ചിരുന്നു. ഇന്ത്യയുടെയും ലോക ക്രിക്കറ്റിന്റെയും ചാമ്പ്യനായിരുന്നു കുംബ്ലെ'-സംഗക്കാര കുറിച്ചു.

മുന്‍ ശ്രീലങ്കന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനയും അനില്‍ കുംബ്ലെയെ പ്രശംസിച്ചു. എല്ലാ ബാറ്റ്‌സ്മാനെതിരെയും കൃത്യമായ പദ്ധതിയുള്ള ബൗളറാണ് കുംബ്ലെയെന്നാണ് അദ്ദേഹം പറഞ്ഞത്. 'എന്താണ് അദ്ദേഹത്തിന്റെ കരുത്തെന്ന് മനസിലാക്കാനാകില്ല. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ അനിലിനെ നേരിടുമ്പോള്‍ നമുക്കെതിരേ എപ്പോഴും വ്യക്തമായ പദ്ധതി അനിലിനുണ്ടാവും'-ജയവര്‍ധന പറഞ്ഞു.
മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ പേസറുമായ വസിം അക്രം ഏറ്റവും മികച്ച ലെഗ് സ്പിന്നറായാണ് അനിലിനെ വിശേഷിപ്പിച്ചത്. 'ഞങ്ങള്‍ക്കെതിരേ 10 വിക്കറ്റ് അവന്‍ വീഴ്ത്തിയത് ഓര്‍ക്കുന്നു. ഡല്‍ഹിയിലെ ഇന്നിങ്‌സിലാണിത്. ഞാനായിരുന്നു 10ാമത്തെ വിക്കറ്റ്. ഇന്നലെ കഴിഞ്ഞപോലെയാണിത് തോന്നുന്നത്.മറ്റേത് ലെഗ് സ്പിന്നര്‍മാരേക്കാളും നേരിടാന്‍ പ്രയാസമുള്ള ബൗളറാണവന്‍'-അക്രം പറഞ്ഞു.
132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റും 271 ഏകദിനത്തില്‍ നിന്ന് 337 വിക്കറ്റും 42 ഐപിഎല്ലില്‍ നിന്ന് 45 വിക്കറ്റും കുംബ്ലെയുടെ പേരിലുണ്ട്. ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും സേവനം അനുഷ്ടിച്ച അദ്ദേഹം നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനാണ്.