ചൊവ്വാഴ്ച 39ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം വഖാര്‍ യൂനിസ്. ട്വിറ്ററിലൂടെയായിരുന്നു വഖാര്‍ ധോണിയെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ലാതെ പാടുപെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റിനെ മെച്ചപ്പെടുത്താനുള്ള യാത്രയ്ക്കു തുടക്കമിട്ടത് സൗരവ് ഗാംഗുലിയാണ്. ഇതിനെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിച്ചതാവട്ടെ ധോണിയും. ലോകകപ്പ് ചാംപ്യനാണ് അദ്ദേഹം. രണ്ടു ലോകകപ്പുകളാണ് ധോണി നേടിയിട്ടുത്. തനിക്കു വേണ്ടി മാത്രമല്ല രാജ്യത്തിനു വേണ്ടിയും കുടുംബത്തിനു വേണ്ടിയുമെല്ലാം മഹത്തായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
എന്തൊരു ക്രിക്കറ്ററാണ് എംഎസ് ധോണി. എത്ര മികച്ച രീതിയിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. യഥാര്‍ഥത്തില്‍ വാക്കുകളിലൂടെ ധോണിയെ വിവരിക്കാന്‍ പോലും സാധിക്കില്ല. കാര്യങ്ങളെ മനസ്സിലാക്കാന്‍ ശേഷിയുള്ള മികച്ച, വലിയ ലീഡറാണ് അദ്ദേഹം. വളരെ നല്ലൊരു മനുഷ്യനുമാണ് ധോണി. ചെറിയൊരു ഗ്രാമത്തില്‍ നിന്നുമെത്തി എത്ര വലിയ ഉയരങ്ങളിലാണ് അദ്ദേഹം എത്തി നില്‍ക്കുന്നത്. ഇത്രയും വലിയൊരു രാജ്യത്തെ, ടീമിനെ അദ്ദേഹം നയിച്ച രീതിയും എത്ര പ്രശംസിച്ചാലും അധികമാവില്ലെന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയെക്കുറിച്ചും തികഞ്ഞ മതിപ്പാണ് വഖാറിനുള്ളത്. ലോകം മുഴുവനുള്ള താരങ്ങള്‍ക്കു ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു മാതൃക കാണിക്കുകയാണ് കോലി. അദ്ദേഹത്തെ ഇക്കാര്യത്തില്‍ ഇനിയൊരാള്‍ക്കു മറികടക്കുക കടുപ്പം തന്നെയാണ്. കോലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ക്കെല്ലാം ഇഷ്ടമാണ്. എല്ലായ്പ്പോഴും ഫിറ്റാണ് അദ്ദേഹം. താനാണ് ഏറ്റവും കേമനെന്നു നിങ്ങളുടെ മുന്നില്‍ തെളിയിക്കാനാണ് കോലി ആഗ്രഹിക്കുന്നത്. ശരിക്കുമൊരു പോരാളി തന്നെയാണ് അദ്ദേഹം. അതുകൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റനെ നമ്മളെല്ലാം ഇഷ്ടപ്പെടുന്നതെന്നും വഖാര്‍ വിശദമാക്കി.
അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യക്കൊപ്പമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. സെമിയില്‍ കിവീസിനോടു തോറ്റു പുറത്തായതിനു പിറകെ ധോണി ക്രിക്കറ്റില്‍ നിനനും ബ്രേക്കെടുക്കുകയായിരുന്നു. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനിരുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ച് അദ്ദേഹം ക്രിക്കറ്റിലേക്ക് മടങ്ങി വരാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കൊറോണവൈറസ് മഹാമാരി എല്ലാ പ്രതീക്ഷകളും തകിടം മറിച്ചത്.