ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ കനത്ത പരാജയം ഇന്ത്യൻ ടീമിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വൈറ്റ് ബോൾ ടൂർണമെന്റുകളിൽ തുടർച്ചയായ 17 വിജയങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഒരു തോൽവി വഴങ്ങുന്നത്. ഈ അവസരം മുതലെടുത്ത് ഇന്ത്യൻ ടീമിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മുൻ പാകിസ്ഥാൻ താരങ്ങൾ രംഗത്തെത്തി.
ഇന്ത്യയുടെ ഗർവ് തകർന്നു - സഖ്ലൈൻ മുഷ്താഖ്:
ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രമിന്റെ നായകത്വത്തെ സഖ്ലൈൻ മുഷ്താഖ് വാനോളം പുകഴ്ത്തി. "ദക്ഷിണാഫ്രിക്കയുടെ പ്ലാനിംഗ് അതിശയിപ്പിക്കുന്നതായിരുന്നു. ഒരു ഓവർ കൊണ്ട് കളി മാറ്റാൻ മാർക്രമിന് സാധിച്ചു. സത്യം പറഞ്ഞാൽ ഇന്ത്യയുടെ അഹങ്കാരം തകർക്കുന്ന പ്രകടനമായിരുന്നു അത്. അവരെ പൂർണ്ണമായും തകർക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു," മുഷ്താഖ് പറഞ്ഞു.

വരുണിനെ അവർ വേട്ടയാടി - ഉമർ ഗുൽ:
ഇന്ത്യയുടെ ബൗളിംഗ് തന്ത്രങ്ങളിലെ പാളിച്ചകളെയാണ് ഉമർ ഗുൽ ചൂണ്ടിക്കാട്ടിയത്. "വരുൺ ചക്രവർത്തിയുടെ നാല് ഓവറുകളെയാണ് ദക്ഷിണാഫ്രിക്ക പ്രധാനമായും ലക്ഷ്യം വെച്ചത്. അത് വിജയിക്കുകയും ചെയ്തു. അഞ്ചാം ബൗളറുടെ കാര്യത്തിൽ ഇന്ത്യ ആശയക്കുഴപ്പത്തിലാണ്. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും റൺസ് വഴങ്ങാൻ തുടങ്ങിയതോടെ വരുണും സമ്മർദ്ദത്തിലായി," ഗുൽ നിരീക്ഷിച്ചു.
മധ്യനിര എവിടെ? - ഷൊയ്ബ് അക്തർ:
ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയെ ഷൊയ്ബ് അക്തർ കടന്നാക്രമിച്ചു. "സമ്മർദ്ദമുള്ള മത്സരങ്ങളിൽ ഇന്ത്യയുടെ ബാറ്റിംഗും ബൗളിംഗും പരാജയപ്പെടുന്നു. മധ്യനിരയുടെ കരുത്ത് തെളിയിക്കേണ്ട ദിവസമായിരുന്നു ഇത്. എന്നാൽ ആർക്കും അതിന് സാധിച്ചില്ല. ഹാർദിക് പാണ്ഡ്യ ഒരിക്കലും ഇരുപതാം ഓവർ എറിയാൻ അനുയോജ്യനായ ബൗളറല്ല," അക്തർ പറഞ്ഞു. ഒരു ഘട്ടത്തിൽ 20/3 എന്ന നിലയിലായിരുന്നിട്ടും ഡേവിഡ് മില്ലറുടെയും ബ്രെവിസിന്റെയും മികവിൽ ദക്ഷിണാഫ്രിക്ക തിരിച്ചുവന്നപ്പോൾ, സമാന സാഹചര്യത്തിൽ ഇന്ത്യ തകർന്നടിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ മികച്ച പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് 187 എന്ന മികച്ച ടോട്ടൽ സമ്മാനിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെ നഷ്ടപ്പെട്ട പ്രോട്ടീസ് നിരയെ മില്ലറും ബ്രെവിസും ചേർന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. പിന്നീട് അവസാന ഓവറുകളിൽ സ്റ്റബ്സ് കളം നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മത്സരത്തിൽ ഒരു പോയിന്റിലും ദക്ഷിണാഫ്രിക്കയെ ചലഞ്ച് ചെയ്യാൻ സാധിച്ചില്ല. 111 റൺസിന് ഇന്ത്യൻ ബാറ്റിങ് തകർന്നടിഞ്ഞു. വമ്പൻ തോൽവി നേരിട്ടതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്കും മങ്ങൽ ഏറ്റിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ വലിയ വിജയങ്ങൾ ഇല്ലെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾക്ക് വലിയ കോട്ടം സംഭവിക്കും. ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.