'അവന്‍ അങ്ങനെ കളിക്കുന്നത് മുമ്പ് കണ്ടിട്ടില്ല'- സച്ചിന്റെ മികച്ച ഇന്നിങ്‌സ് തിരഞ്ഞെടുത്ത് ഇന്‍സമാം

കറാച്ചി: ലോക ക്രിക്കറ്റിലെ ഇതിഹാസമെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ വിശേഷിപ്പിക്കുന്നത്. 16ാം വയസില്‍ ക്രിക്കറ്റിലെത്തിയത് മുതല്‍ നടന്നുകയറിയ ഓരോ ചുവടിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ സച്ചിന് സാധിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറിയും 30,000 ലധികം റണ്‍സുമെന്ന അസാമാന്യ നേട്ടങ്ങള്‍ സ്വന്തമായുള്ളതുകൊണ്ടാണ് സച്ചിനെ ഇതിഹാസം എന്ന് വിശേഷിപ്പിക്കുന്നത്. സച്ചിന്റെ കാലഘട്ടത്തില്‍ത്തന്നെ വിസ്മയിപ്പിച്ച മറ്റൊരു താരമാണ് ഇന്‍സമാം ഉല്‍ഹഖ്. ഫിറ്റ്‌നസിന് വലിയ പ്രാധാന്യമുള്ള ക്രിക്കറ്റില്‍ തന്റെ അമിത വണ്ണത്തെയും അതിജീവിച്ച് പാകിസ്താന്റെ എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഇന്‍സമാമിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യ-പാകിസ്താന്‍ പോരാട്ടങ്ങളില്‍ ഇന്‍സമാമിന്റെയും സച്ചിന്റെയും ബാറ്റിങ് കരുത്ത് പല തവണ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്‍സമാം. ഡിആര്‍എസ് വിത്ത് ആഷ് എന്ന ചാറ്റ് ഷോയിലൂടെയാണ് ഇന്‍സമാം ഇക്കാര്യം വെളിപ്പെടുത്തിയത്. 2003ലെ ലോകകപ്പ് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരത്തിലെ പ്രകടനമാണ് സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സെന്നാണ് ഇന്‍സമാം പറയുന്നത്. 'സച്ചിന്‍ കളിക്കുന്ന നിരവധി ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ 2003ലെ ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ സച്ചിന്‍ ബാറ്റ് ചെയ്ത രീതി, അതിന് മുമ്പ് സച്ചിന്‍ അങ്ങനെ കളിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. ആ സാഹചര്യത്തില്‍ പാകിസ്താന്റെ പേസ് ബൗളര്‍മാര്‍ക്കെതിരേ അവന്‍ കളിച്ചത് മനോഹരമായിരുന്നു. 98 റണ്‍സില്‍ ഷുഹൈബ് അക്തര്‍ സച്ചിനെ പുറത്താക്കിയെന്നാണ് എന്റെ ഓര്‍മ. എന്റെ അനുഭവത്തില്‍ സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് അതായിരുന്നു'-ഇന്‍സമാം ഉല്‍ഹഖ് പറഞ്ഞു.

സെഞ്ച്വൂറിയനില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 45.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു. സായിദ് അന്‍വര്‍ പാകിസ്താനുവേണ്ടി (101) സെഞ്ച്വറി നേടിയപ്പോള്‍ ഇന്‍സമാം (6) റണ്ണൗട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി അടിച്ചുതകര്‍ത്ത സച്ചിന്‍ 75 പന്തില്‍ 12 ഫോറും 1 സിക്‌സുമടക്കം 98 റണ്‍സാണ് നേടിയത്. വീരേന്ദര്‍ സെവാഗ് (21),സൗരവ് ഗാംഗുലി (0) എന്നിവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും രാഹുല്‍ ദ്രാവിഡും (44) യുവരാജ് സിങ്ങും (50) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. വസിം അക്രം,ഷുഹൈബ് അക്തര്‍,വഖാര്‍ യൂനിസ്,അബ്ദുല്‍ റസാഖ് തുടങ്ങിയ പേസ് നിരയ്‌ക്കെതിരെയാണ് ഇന്ത്യന്‍ താരങ്ങളുടെ ഈ പ്രകടനമെന്നതാണ് ശ്രദ്ധേയം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, November 22, 2020, 12:45 [IST]
Other articles published on Nov 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X