കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായാണ് മുഹമ്മദ് അമീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിസിബി മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് 28ാം മിനുട്ടില്‍ അമീറിനെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചത്. നേരത്തെ പാകിസ്താന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അമീര്‍ നിലവില്‍ പരിമിത ഓവറില്‍ മാത്രമാണ് കളിച്ചിരുന്നത്. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് അമീറിനെ തഴഞ്ഞിരുന്നു. ഇതും ഇത്തരമൊരു കടുത്ത തീരുമാനം എടുക്കാന്‍ അമീറിനെ പ്രേരിപ്പിച്ചു. ഇപ്പോഴിതാ മുഹമ്മദ് അമീറിന് സഹായം വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അമീറിന്റെ വിരമിക്കല്‍ സ്വീകരിക്കുകയാണെങ്കില്‍ പരിശീലനം നല്‍കാന്‍ തയ്യാറാണെന്നാണ് അക്തര്‍ പറഞ്ഞത്. 'മുഹമ്മദ് അമീറിനെ എനിക്ക് വിട്ടുതരൂ,മൈതാനത്ത് അവന്‍ അത്ഭുതം കാട്ടുന്നത് കാണിച്ചു തരാം'-എന്നാണ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇടം കൈയന്‍ പേസറായ അമീര്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണെങ്കിലും പാകിസ്താന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ പാക് ബൗളിങ് കോച്ച് വഖാന്‍ യൂനിസും അമീറിനെ ടീമിലേക്ക് പരിഗണിക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.

അതേ സമയം അമീറിന്റെ വിരമിക്കല്‍ തീരുമാനം പിസിബി അംഗീകരിച്ചു. അമീറിന്റെ വിരമിക്കല്‍ തീരുമാനം വ്യക്തിപരമാണെന്നും അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നുമാണ് പിസിബിയുടെ നിലപാട്. ഈ അവസരത്തില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ ഇല്ലെന്നും പിസിബി വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. നേരത്തെ പാകിസ്താന്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ ഹഖിനെയും ബൗളിങ് പരിശീലകന്‍ വഖാന്‍ യൂനിസിനെയും അമീര്‍ വിമര്‍ശിച്ചിരുന്നു.
ഒത്തുകളി കേസില്‍ പിടിക്കപ്പെട്ട അമീര്‍ ഏറെ നാള്‍ പുറത്തിരുന്ന ശേഷമാണ് പാക് ടീമിലേക്ക് മടങ്ങിയെത്തിയത്. അന്ന് തന്നെ അമീറിന്റെ മടങ്ങിവരവിനോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട താരത്തെ ടീമിലേക്ക് പരിഗണിക്കുന്നത് തെറ്റായ നിലപാടാണെന്ന് അന്ന് പല മുന്‍ പാക് താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
പാകിസ്താനുവേണ്ടി 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 50 ടി20യില്‍ നിന്ന് 59 വിക്കറ്റുമാണ് അമീര്‍ നേടിയിട്ടുള്ളത്. ബ്രിട്ടീഷ് പൗരത്വത്തിനുവേണ്ടി ശ്രമിക്കുന്ന അമീര്‍ ഐപിഎല്‍ കളിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലില്‍ പിഎസ്എല്‍,ലങ്കാ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ പ്രമുഖ ലീഗ് ക്രിക്കറ്റ് മത്സരങ്ങളില്‍ അമീര്‍ സജീവമാണ്. പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്ക് ഉള്ളതിനാലാണ് അമീറിന് കളിക്കാന്‍ സാധിക്കാത്തത്.