രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ പരാജയങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ രാജസ്ഥാന്‍ നടത്തിയ പരീക്ഷണം അമ്പേ പരാജയമായിരുന്നു. മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം സൈമണ്‍ ഡൗള്‍ രാജസ്ഥാന്റെ പരീക്ഷണത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തി. ആദ്യ ഇന്നിംഗ്സില്‍ ഇംപാക്റ്റ് സബ് ഉപയോഗിച്ചത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് സൈമണ്‍ ചോദിച്ചു.
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ശുഭം ദുബെയെ ഇംപാക്റ്റ് സബ് ആയി കൊണ്ടുവന്നപ്പോള്‍ വെടിക്കെട്ട് കരീബിയന്‍ ബാറ്റ്സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ എട്ടാം നമ്പറില്‍ ആണ് ബാറ്റ് ചെയ്യാന്‍ ഇറക്കിയത്. ഇന്നലെ ബാറ്റിംഗില്‍ രാജസ്ഥാന്‍ നടത്തിയ എല്ലാ പരീക്ഷണങ്ങളും തകര്‍ന്നടിയുകയായിരുന്നു. കെകെആര്‍ സ്പിന്നര്‍മാര്‍ക്കെതിരെ സ്റ്റിക്കി വിക്കറ്റില്‍ രാജസ്ഥാന്‍ പ്രതിരോധത്തിലായി.

11-ാം ഓവറില്‍ 82-5 എന്ന നിലയിലായിരുന്നം ടീം സ്‌കോര്‍. സ്‌കോര്‍ ഉയര്‍ത്തേണ്ട സമയത്ത് അഞ്ചാം നമ്പറില്‍ വാനിന്ദു ഹസരംഗയ്ക്കായിരുന്നു രാജസ്ഥാന്‍ സ്ഥാനക്കയറ്റം നല്‍കിയത്. സഞ്ജു സാംസണിന് പകരക്കാരനായി ശുഭം ദുബെ ഇംപാക്റ്റ് സബ് ആയി കളത്തിലിറങ്ങി. പക്ഷേ 12 പന്തില്‍ നിന്ന് ഒമ്പത് റണ്‍സിന് പുറത്തായി. എട്ടാം നമ്പറിലെത്തിയ ഹെറ്റ്‌മെയറും പരായപ്പെട്ടു.
എട്ട് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് കരീബിയന്‍ താരത്തിന് നേടാനായത്. അവസാന ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ താരം പുറത്താകുകയും ചെയ്തു. ആദ്യ ഇന്നിംഗ്സിനെ രക്ഷിക്കാന്‍ ഇംപാക്റ്റ് സബ് ഓപ്ഷന്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് രാജസ്ഥാന്‍ അവരുടെ എല്ലാ ബാറ്റിംഗ് ശേഷിയും പര്യവേക്ഷണം ചെയ്യണമായിരുന്നുവെന്ന് സൈമണ്‍ ഡൗള്‍ അഭിപ്രായപ്പെട്ടു.
'അവര്‍ എന്തിനാണ് ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ സംരക്ഷിക്കുന്നത്? എന്തിനാണ് അവര്‍ അദ്ദേഹത്തെ നിലനിര്‍ത്തിയത്. 11 കോടി രൂപയ്ക്ക് അവര്‍ അദ്ദേഹത്തെ നിലനിര്‍ത്തിയത്. അദ്ദേഹം എട്ടാം നമ്പറില്‍ ബാറ്റ് ചെയ്തു. ഗയാനയ്ക്കായി വ്യത്യസ്ത സമയങ്ങളില്‍ അദ്ദേഹം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യുന്നു. അദ്ദേഹം ഒരു ഫിനിഷറായി കണക്കാക്കരുത്. അസംബന്ധമാണത്, അദ്ദേഹം ഒരു ബാറ്റ്‌സ്മാനാണ്,' ഡൗള്‍ പറഞ്ഞു.
ഐപിഎല്‍ 2025 ന്റെ പ്രാരംഭ ഘട്ടത്തില്‍ രാജസ്ഥാന്‍ ഇതിനകം തന്നെ നിരവധി സംശയാസ്പദമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് ഡൗള്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ളത് വളരെ മോശം ആസൂത്രണമാണ്. ആദ്യ രണ്ട് ഗെയിമുകളില്‍, എനിക്ക് ഒട്ടും യോജിക്കാന്‍ കഴിയാത്ത ചില വ്യത്യസ്ത തന്ത്രങ്ങളും തീരുമാനങ്ങളും ഉണ്ടായിരുന്നു. ഹെറ്റ്‌മെയര്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി കുറച്ച് റണ്‍സ് നേടുകയും ധ്രുവ് ജൂറേലുമായി ഒരു പാര്‍ട്ട്ണര്‍ഷിപ്പുണ്ടാക്കുകയും ചെയ്യില്ലേ?,' അദ്ദേഹം ചോദിച്ചു.
അവിടെ ശുഭം ദുബെയുടെ ആവശ്യമില്ലായിരുന്നു. നിങ്ങളുടെ ഇംപാക്ട് സബ് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ക്ക് ഹെറ്റ്‌മെയറെയും ആര്‍ച്ചറിനെയും ഉപയോഗിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഇന്നിംഗ്സില്‍ തങ്ങളുടെ ഇംപാക്ട് സബ് ഓപ്ഷന്‍ ഉപയോഗിച്ച് കുറഞ്ഞ ബൗളിംഗ് യൂണിറ്റുമായി രണ്ടാം ഇന്നിംഗ്സിലേക്ക് ഇറങ്ങാന്‍ രാജസ്ഥാന്‍ നിര്‍ബന്ധിതരായി.
തീക്ഷണയെയും ഹസരംഗയെയും സ്റ്റിക്കി വിക്കറ്റില്‍ സഹായിക്കാന്‍ ഒരു ഫ്രണ്ട്ലൈന്‍ സ്പിന്നര്‍ക്ക് പകരം, റിയാന്‍ പരാഗ്, നിതീഷ് റാണ തുടങ്ങിയ പാര്‍ട്ട് ടൈം സ്പിന്നര്‍മാര്‍ക്ക് കളിക്കേണ്ടി വന്നു.