സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 228 റൺസ് നേടിയിട്ടും രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത് ആരാധകരെ ഒട്ടും കുറച്ചല്ല നിരാശരാക്കിയത്. എന്നാൽ ടീമിന്റെ ഫീൽഡിംഗ് പിഴവുകൾക്ക് പുറമെ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തന്ത്രങ്ങൾ പാളിയതാണ് തോൽവിക്ക് പ്രധാന കാരണമെന്ന് വിലയിരുത്തുകയാണ് മുൻ താരങ്ങളായ സഞ്ജയ് ബംഗാറും സബ കരീമും. അലസമായ തീരുമാനങ്ങൾ ടീമിന് വലിയ വില നൽകേണ്ടി വന്നുവെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
"പാർട്ട് ടൈമർമാരെ എന്തിന് കൊണ്ടുവന്നു?"; സഞ്ജയ് ബംഗാർ ചോദിക്കുന്നു
രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് മാറ്റങ്ങളെക്കുറിച്ച് സഞ്ജയ് ബംഗാർ പറഞ്ഞത് ഇങ്ങനെ: "എനിക്ക് ശരിക്കും അത്ഭുതം തോന്നുന്നു. രവി ബിഷ്‌ണോയിയെയും രവീന്ദ്ര ജഡേജയെയും പോലുള്ള ക്വാളിറ്റി ബൗളർമാർ നിങ്ങളുടെ കൈവശമുണ്ട്. എന്നിട്ടും അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും പോലുള്ള സെറ്റായ ബാറ്റർമാർക്ക് മുന്നിലേക്ക് റിയാൻ പരാഗ് സ്വന്തം ഓവറുകളും ഡൊണോവൻ ഫെരേരയെയും എറിഞ്ഞു കൊടുത്തു. അത് അനാവശ്യമായ ഒരു പരീക്ഷണമായിരുന്നു."

"ഇത് തലച്ചോറില്ലാത്ത ക്യാപ്റ്റൻസി!"; സബ കരീം തുറന്നടിച്ചു
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരീം കുറച്ചുകൂടി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. "അത്ഭുതപ്പെടുക മാത്രമല്ല, ഞാൻ ശരിക്കും ഞെട്ടിപ്പോയി! നിങ്ങളുടെ പ്രധാന ബൗളർമാർ സ്പെൽ പോലും പൂർത്തിയാക്കാതെ ഇരിക്കുമ്പോഴാണ് ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നത്. ഇതെന്ത് തരം ബ്രെയിൻലെസ്സ് (Brainless) ക്യാപ്റ്റൻസിയാണ്? കളി കൈവിട്ടുപോയ ശേഷമാണ് പലപ്പോഴും പ്രധാന ബൗളർമാരെ കൊണ്ടുവരുന്നത്."
മത്സരത്തിൽ 15-കാരൻ വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിയുടെ കരുത്തിൽ 228 റൺസ് നേടിയിട്ടും, അഭിഷേക് ശർമ്മയുടെയും (57) ഇഷാൻ കിഷന്റെയും (74) തകർപ്പൻ ബാറ്റിംഗിന് മുന്നിൽ രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു. 132 റൺസിന്റെ ഓപ്പണിംഗ് പാർട്ണർഷിപ്പ് തകർക്കാൻ പരാഗ് വൈകിയതും കൃത്യമായ സമയത്ത് സ്പെഷ്യലിസ്റ്റ് ബൗളർമാരെ ഉപയോഗിക്കാത്തതും വലിയ തിരിച്ചടിയായി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 228 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മത്സരത്തിലെ താരം 15-കാരനായ വൈഭവ് സൂര്യവംശിയായിരുന്നു. വെറും 36 പന്തിൽ സെഞ്ചുറി തികച്ച സൂര്യവംശി (37 പന്തിൽ 103 റൺസ്) ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നായകനായി മാറി.
229 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് വേണ്ടി അഭിഷേക് ശർമ്മയും (57) ഇഷാൻ കിഷനും (74) ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. നിതീഷ് കുമാർ റെഡ്ഡി, ഹെന്റിച്ച് ക്ലാസൻ എന്നിവർ ടീമിന് വേണ്ട രീതിയിലുള്ള ഫിനിഷ് നൽകി റൺചേസ് ഗംഭീരമാക്കി. 18.3 ഓവറിൽ 229 എന്ന കൂറ്റൻ റൺമല ഹൈദരാബാദ് കയറിപ്പോയി. ഈ വിജയത്തോടെ സൺറൈസേഴ്സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തും രാജസ്ഥാൻ നാലാം സ്ഥാനത്തും എത്തി.