ഐപിഎല്‍: ധോണിയുടെ ഫേവറിറ്റ് ഷോട്ട് യുവി മോഷ്ടിക്കുന്നു!! എതിരാളികള്‍ ജാഗ്രതൈ, മുംബൈ മിന്നിക്കും

മുംബൈ: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ് വരാനിരിക്കുന്ന ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവിന് കച്ചമുറുക്കുകയാണ്. ദേശീയ ടീമില്‍ നിന്നും കുറച്ചു കാലമായി പുറത്താണെങ്കിലും യുവി ഇപ്പോഴും തിരിച്ചുവരവ് പ്രതീക്ഷ കൈവിട്ടിട്ടില്ല. തന്റെ പുതിയ ടീമായ മുംബൈ ഇന്ത്യന്‍സിനൊപ്പം മിന്നുന്ന പ്രകടനം നടത്തിയാല്‍ തനിക്ക് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ കുപ്പായം അണിയാമെന്ന് യുവി സ്വപ്‌നം കാണുന്നു.
മുംബൈക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഠിന പരിശീലനമാണ് യുവി നടത്തുന്നത്. ഐപിഎല്ലിനു മുന്നോടിയായി സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബ് ടീമിനായും കളിച്ചു കൊണ്ടിരിക്കുകയാണ്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് യുവി നടത്തുന്നത്.

ഇനി യുവിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കാണാം
ലോക ക്രിക്കറ്റിനു ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി സംഭാവന ചെയ്തതാണ് ഹെലികോപ്റ്റര്‍ ഷോട്ട്. യുവി വന്‍ ഹിറ്റാക്കി മാറ്റിയ ഹെലികോപ്റ്റര്‍ ഷോട്ട് പല താരങ്ങളും പിന്നീട് ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ധോണിയെപ്പോലെ മനോഹരമായി ഈ ഷോട്ട് കളിക്കാന്‍ ഇവര്‍ക്കൊന്നും സാധിച്ചിട്ടില്ല.
ഇപ്പോഴിതാ ധോണിയുടെ മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ യുവി ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ച് പരിശീലനം നടത്തുകയാണ്. ഇടംകൈയന്‍ സ്പിന്നര്‍ക്കെതിരേ ഈ ഷോട്ട് അദ്ദേഹം മനോഹരമായി കളിക്കുകയും ചെയ്തു. ബാറ്റിങില്‍ മാത്രമല്ല ഫിറ്റ്‌നസ് കൂടുതല്‍ മെച്ചപ്പെടുത്താനും കഠിനാധ്വാനമാണ് യുവി നടത്തുന്നത്.

അവസാന മല്‍സരം 2017ല്‍
2017ലാണ് യുവി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു ഇത്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് അന്നു സ്ഥാനം നഷ്ടമായ യുവിക്ക് പിന്നീട് ടീമില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 37 കാരനായ യുവി ഇപ്പോഴും ആത്മവിശ്വാസത്തില്‍ തന്നെയാണ്. വിരമിക്കുന്നതിനു മുമ്പ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങാന്‍ തനിക്കാവുമെന്ന് അദ്ദേഹം സ്വപ്‌നം കാണുന്നു.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് യുവിക്കു മുന്നിലുള്ള അവസാന അവസരമാണ് ഐപിഎല്‍. മുന്‍ ചാംപ്യന്‍മാരായ മുംബൈയെ ഇത്തവണ കിരീടത്തിലേക്കു നയിക്കാന്‍ സഹായിച്ചാല്‍ യുവിയുടെ മടങ്ങിവരവിന് അവസരമൊരുങ്ങിയേക്കും.

മുംബൈക്കായി കൂടുതല്‍ അവസരം ലഭിച്ചേക്കും
വരാനിരിക്കുന്ന സീസണില്‍ മുംബൈക്കു വേണ്ടി കൂടുതല്‍ മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ യുവിക്ക് അവസരം ലഭിച്ചേക്കും. കാരണം, മുംബൈ നായകന്‍ രോഹിത് ശര്‍മ അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. സീസണിലെ ആദ്യ കളിയില്‍ തന്നെ തിളങ്ങാനായാല്‍ തനിക്കു ടീമില്‍ സ്ഥാനം ഉറപ്പിക്കാമെന്നാവും യുവിയുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു സീസണിനു ശേഷം യുവിയെ പഞ്ചാബ് ഒഴിവാക്കുകയായിരുന്നു. ഈ സീസണിലും മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ യുവിക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് ആരാധകര്‍ ഭയപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications