തീരുമാനങ്ങൾ എടുക്കാൻ ഭയമില്ല,താരങ്ങളെ പിഴിഞ്ഞൂറ്റാറുമില്ല!ശ്രേയസെന്ന മാസ്സ് ക്യാപ്റ്റനെക്കുറിച്ച് മുൻ താരം
സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യയുടെ പുതിയ ടി20 നായകനായി നിയമിച്ച സെലക്ടർമാരുടെ തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്ത് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുഖ്യ പരിശീലകനും ഇന്ത്യൻ മുൻ താരവുമായ ചന്ദ്രകാന്ത് പണ്ഡിറ്റ്. അയ്യരുടെ ഉജ്ജ്വലമായ ക്യാപ്റ്റൻസി മികവും ബാറ്റിംഗ് കോമ്പോയും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്ന് പണ്ഡിറ്റ് വ്യക്തമാക്കി.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും അതുപോലെ തന്നെ 2026-ലെ ഏഷ്യൻ ഗെയിംസിനുമുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ബിസിസിഐ അപ്രതീക്ഷിതമായി ശ്രേയസ് അയ്യരെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാൽ ചില കാരണങ്ങളാൽ നായകനെന്ന നിലയിലുള്ള അയ്യരുടെ ആദ്യ പരമ്പര വൈകാനാണ് സാധ്യത.

"അയ്യർ ഈ സ്ഥാനം പൂർണ്ണമായും അർഹിക്കുന്നു"
അയർലൻഡ് പര്യടനത്തിന് മുന്നോടിയായി 'റെവ്‌സ്‌പോർട്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് മനസ്സ് തുറന്നത്. ഒരുപാട് കാലത്തെ ക്ഷമയോടെയുള്ള കാത്തിരിപ്പിന് ശേഷമാണ് ശ്രേയസിന് ഈ അംഗീകാരം ലഭിച്ചതെന്നും അത് അവൻ പൂർണ്ണമായും അർഹിക്കുന്നുണ്ടെന്നും പണ്ഡിറ്റ് പറഞ്ഞു.
"ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിന്റെ നായകനാക്കിയ തീരുമാനം നൂറു ശതമാനം ശരിയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മാത്രമല്ല, ഞാൻ മുംബൈ ടീമിന്റെ കോച്ചായിരുന്ന സമയത്തും അവന്റെ ലീഡർഷിപ്പ് സ്കില്ലുകൾ ഞാൻ അടുത്തുനിന്ന് കണ്ടിട്ടുള്ളതാണ്. അവൻ കനത്ത സമ്മർദ്ദത്തിലും റൺസ് അടിച്ചുകൂട്ടുന്ന ഒരു അസാധ്യ കളിക്കാരനാണ്." ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.
ദേശീയ ടീമിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടപ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടിയാണ് ശ്രേയസ് തന്റെ സാന്നിധ്യമറിയിച്ചത്. ചീഫ് സെലക്ടർ അജിത് അഗാർക്കറും സെലക്ഷൻ കമ്മിറ്റിയും ശ്രേയസിന്റെ കഴിവുകളിൽ വിശ്വസിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
ശ്രേയസിന്റെ ഏറ്റവും വലിയ കരുത്ത്: ഭയമില്ലാത്ത തീരുമാനങ്ങൾ!
ഒരു നായകനെന്ന നിലയിൽ ശ്രേയസ് അയ്യരുടെ ഏറ്റവും വലിയ പോസിറ്റീവ് വശം എന്താണെന്നും മുൻ കെകെആർ കോച്ച് വെളിപ്പെടുത്തി. കളിക്കളത്തിലെ സാഹചര്യങ്ങൾ വളരെ വേഗത്തിൽ മനസ്സിലാക്കാനും ഒട്ടും മടിക്കാതെ ഭയമില്ലാത്ത തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവാണ് അവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
മൈതാനത്ത് ആരും പെർഫെക്റ്റ് അല്ലെങ്കിലും, പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാനും ധീരമായ തീരുമാനങ്ങൾ കൈക്കൊള്ളാനും വലിയൊരു നെഞ്ചൂറ്റം വേണം, അത് ശ്രേയസിനുണ്ട്. സൂപ്പർ താരങ്ങളെ കൈകാര്യം ചെയ്യുന്നതിലും അയ്യർ വളരെ കൂളാണ്. കളിക്കളത്തിൽ താരങ്ങൾ തങ്ങളുടെ നൂറു ശതമാനവും ടീമിനായി നൽകണം എന്ന് മാത്രമാണ് ശ്രേയസ് ആഗ്രഹിക്കുന്നത്. അനാവശ്യമായി ആരെയും ബുദ്ധിമുട്ടിക്കുന്ന സ്വഭാവം അവനില്ല.
കെകെആർ വിവാദങ്ങളെക്കുറിച്ച് പണ്ഡിറ്റ്
ശ്രേയസ് അയ്യരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്‌മെന്റും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന വാർത്തകളോടും ചന്ദ്രകാന്ത് പണ്ഡിറ്റ് പ്രതികരിച്ചു. കെകെആറിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിട്ടും ശ്രേയസിന് അർഹിച്ച അംഗീകാരം ലഭിച്ചില്ല എന്നത് നിർഭാഗ്യകരമാണ്.
എന്നാൽ ശ്രേയസ് ടീം വിട്ടത് മാനേജ്‌മെന്റിന്റെ സമ്മർദ്ദം മൂലമല്ലെന്നും അവസാന നിമിഷമെടുത്ത ചില തീരുമാനങ്ങൾ ഒത്തുപോകാത്തത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാഞ്ചൈസിക്ക് എപ്പോഴും ശ്രേയസിനോട് വലിയ ബഹുമാനമാണുള്ളത്. തങ്ങൾ തമ്മിൽ യാതൊരുവിധ പിണക്കങ്ങളുമില്ലെന്നും വളരെ നല്ലൊരു ബന്ധമാണ് ഇപ്പോഴുമുള്ളതെന്നും പണ്ഡിറ്റ് പറഞ്ഞു നിർത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications