ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരായ നിര്‍ണ്ണായക പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. തുടര്‍ച്ചയായി പരാജയപ്പെടുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് ടീം മാനേജ്‌മെന്റ് അനാവശ്യമായ പിന്തുണയാണ് നല്‍കുന്നതെന്നും താരത്തിന് ഒരു ബ്രേക്ക് നല്‍കി സഞ്ജു സാംസണെ പരീക്ഷിക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ചെന്നൈയില്‍ വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുമെന്നിരിക്കെ സെവാഗിന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.
'ഞാനാണെങ്കില്‍ അഭിഷേകിനെ കളിപ്പിക്കില്ല'
ഈ ലോകകപ്പില്‍ ദുരന്തമായി മാറിയ അഭിഷേക് ശര്‍മ്മയുടെ ഫോമിനെ സെവാഗ് നിശിതമായി വിമര്‍ശിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്തായ അഭിഷേക്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെറും 15 റണ്‍സാണ് നേടിയത്. "ഞാനാണ് ടീം മാനേജ്‌മെന്റില്‍ ഉണ്ടായിരുന്നതെങ്കില്‍ തീര്‍ച്ചയായും അഭിഷേക് ശര്‍മ്മയ്ക്ക് ഒരു വിശ്രമം നല്‍കുമായിരുന്നു. പകരം സഞ്ജു സാംസണെ ഓപ്പണറായി പരീക്ഷിക്കണം. ഈ മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യ പുറത്താണ്. അതുകൊണ്ട് തന്നെ ഫോമിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഇലവനെ വേണം ചെന്നൈയില്‍ ഇറക്കാന്‍," സെവാഗ് ക്രിക്ബസിനോട് പറഞ്ഞു.

തന്ത്രങ്ങളല്ല, നടപ്പിലാക്കുന്നതിലാണ് പിഴവ്!
ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍ മോശമല്ലെന്നും എന്നാല്‍ അത് കളിക്കളത്തില്‍ നടപ്പിലാക്കുന്നതിലാണ് പിഴവ് സംഭവിക്കുന്നതെന്നും സെവാഗ് നിരീക്ഷിച്ചു. "തിരഞ്ഞെടുപ്പില്‍ മാറ്റങ്ങള്‍ വേണം. പ്ലാനുകള്‍ കൊള്ളാം, പക്ഷേ അത് എക്‌സിക്യൂട്ട് ചെയ്യുന്നതില്‍ താരങ്ങള്‍ പരാജയപ്പെടുന്നു. അഭിഷേക് ശര്‍മ്മയും തിലക് വര്‍മ്മയും ഫോമിലല്ല എന്ന സത്യം മാനേജ്‌മെന്റ് വിസ്മരിക്കരുത്. ഇത് മധ്യനിരയ്ക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റണ്‍റേറ്റ് ഇന്ത്യയെ വേട്ടയാടുമോ?
പോയിന്റിനേക്കാളുപരി നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുക എന്ന വെല്ലുവിളിയും ഇന്ത്യക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യയുടെ റണ്‍റേറ്റ് -3.800 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. സിംബാബ്‌വെയ്‌ക്കെതിരെ വമ്പന്‍ ജയം നേടിയാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതകള്‍ സജീവമായി നിലനിര്‍ത്താനാവൂ. സിതാന്‍ഷു കൊട്ടക് ഉള്‍പ്പെടെയുള്ള കോച്ചുമാര്‍ അഭിഷേകിനെ പിന്തുണയ്ക്കുമ്പോഴും, 'വീരു' ശൈലിയിലുള്ള ഈ കടുത്ത നിലപാട് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെയാണ് ഇരു ടീമുകളും സൂപ്പർ 8ൽ സ്ഥാനം ഉറപ്പിച്ചത്. യു.എസ്.എ, നെതർലാൻഡ്സ്, പാകിസ്ഥാൻ, നമീബിയ എന്നീ ടീമുകളെ തോൽപ്പിച്ച് ആധികാരികമായി ഇന്ത്യയെത്തിയപ്പോൾ, ഓസ്ട്രേലിയയും ശ്രീലങ്കയും അടങ്ങുന്ന ഗ്രൂപ്പിലെ വമ്പന്മാരെ അട്ടിമറിച്ചാണ് സിംബാബ്‍വെ സൂപ്പർ 8ൽ സ്ഥാനം ഉറപ്പിച്ചത്. എന്നാൽ, ഇരു ടീമുകൾക്കും സൂപ്പർ 8ലെ ആദ്യ മത്സരം പരാജയപ്പെടേണ്ടി വന്നു. സിംബാബ്‍വെ വെസ്റ്റ് ഇന്റീസിനോടും ഇന്ത്യ ദക്ഷിണാഫ്രിക്കയോടുമാണ് പരാജയമറിഞ്ഞത്. അതുകൊണ്ടുതന്നെ, ഇരു ടീമുകൾക്കും ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ഇന്നത്തെ ദിവസത്തെ വിജയം അനിവാര്യമാണ്. ഇതുവരെ 10 തവണയാണ് ഇന്ത്യയും സിംബാബ്‍വെയും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 7 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. മൂന്ന് തവണ സിംബാബ്‍വെയും വിജയിച്ചു.