ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള യുവരാജ് സിങ്ങിന്റെ മടങ്ങിവരവിനെ പുകഴ്ത്തി മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. യുവരാജ് മികച്ച കളിക്കാരനാണെന്നും കാണികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ യുവിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാണികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ യുവരാജിനെ മറഡോണയെയും ജോണ്‍ മക്കെന്റോയേയുമായാണ് കപില്‍ താരതമ്യം ചെയ്തത്.
മനോഹരമായ ക്രിക്കറ്റ് കളിക്കുന്ന താരമാണ് യുവരാജ്. ഗ്രൗണ്ടില്‍ ഏതു രംഗത്തും അദ്ദേഹം ശോഭിക്കും. ബാറ്റിംഗോ ബൗളിംഗോ ഫീല്‍ഡിംഗോ ഏതെങ്കിലും തരത്തില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ യുവരാജിന് സാധിക്കും. ബാറ്റിങ് ഓര്‍ഡറില്‍ ഏതു പൊസിഷനില്‍ കളിക്കാനും യുവരാജിന്റെ എക്‌സിപീരിയന്‍സിന് സാധിക്കുമെന്ന് കപില്‍ ചൂണ്ടിക്കാട്ടി.

യുവരാജിനെ മടക്കിക്കൊണ്ടുവരാനുള്ള തീരുമാനത്തിന് മഹേന്ദ്രസിംഗ് ധോണിയെ അദ്ദേഹം അനുമോദിച്ചു. ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് യുവരാജിന്റെ സാന്നിധ്യം മുതല്‍ക്കൂട്ടാകും. കോലിയെപ്പോലെയുള്ളവരുടെ ആക്രമണോത്സുകത ടീമിന് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവ ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെയെയും കപില്‍ പുകഴ്ത്തി.
ഓസ്‌ട്രേലിയന്‍ പിച്ചില്‍ തുടക്കത്തില്‍ വിക്കറ്റു നേടുക ഇന്ത്യ ലക്ഷ്യമാക്കണം. ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങിയ കളിക്കാരോട് ക്യാപ്റ്റന്‍ പറയേണ്ടത് ആദ്യ 15 ഓവറില്‍ മൂന്നു വിക്കറ്റെങ്കിലും നേടണമെന്നാണ്. റണ്‍സ് 90 ആയാലും മൂന്നു വിക്കറ്റു നേടിയാല്‍ എതിരാളിയെ ഒതുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. 15 ഓവറില്‍ 40 റണ്‍സിന് വിക്കറ്റൊന്നും ലഭിക്കാതിരിക്കുന്നതിനേക്കള്‍ നേട്ടം 90/3 എന്ന സ്‌കോറില്‍ ഇന്ത്യയ്ക്കു ലഭിക്കുമെന്നും കപില്‍ വ്യക്തമാക്കി.