ലണ്ടന്‍: ഐപിഎല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണില്‍ നിന്നു ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ താരം പിന്മാറി. ഇംഗ്ലണ്ട് ബാറ്റ്സ്മാന് സാം ബില്ലിങ്സാണ് അടുത്ത ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്. ഐപിഎല്ലില്‍ മാത്രമല്ല ഒരു ഫ്രാഞ്ചൈസി ലീഗിലും കളിക്കില്ലെന്നു വ്യക്തമാക്കിയ ബില്ലിങ്സ് തന്റെ കൗണ്ടി ടീമായ കെന്റിനൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2020 ഏപ്രിലിലാണ് കൗണ്ടി ക്രിക്കറ്റിനു തുടക്കമാവുന്നത്. അതുവരെ ക്രിക്കറ്റില്‍ നിന്നു ബ്രേക്കെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 19ന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിന്റെ അന്തിമ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോള്‍ ഇതില്‍ ഉള്പ്പെട്ടാതിരുന്ന ഏക പ്രമുഖ താരം കൂടിയാണ് ബില്ലിങ്സ്. ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ തഴഞ്ഞതാവാമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ താന്‍ സ്വയം പിന്മാറുകയായിരുന്നുവെന്നു ബില്ലിങ്സ് വ്യക്തമാക്കുകയായിരുന്നു.
ഇന്ത്യ vs വിന്‍ഡീസ്: ടീം ഇന്ത്യ ചെപ്പോക്കില്‍... ഇനി ഏകദിന പരീക്ഷ, കണക്കുകള്‍ ഇങ്ങനെ
2018ലെ ഐപിഎല്ലിനു മുമ്പാണ് ബില്ലിങ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലും താരം ടീമില്‍ സ്ഥാനം തുടരുകയായിരുന്നു. പക്ഷെ ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ ബില്ലിങ്സിനായില്ല. സിഎസ്കെയ്ക്കു വേണ്ടി 10 മല്‍സരങ്ങളില്‍ നിന്നും 108 റണ്‍സാണ് 2018ലെ സീസണില്‍ താരം നേടിയത്. കഴിഞ്ഞ സീസണിലാവട്ടെ ഒരേയൊരു കളിയില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചുള്ളൂ.