ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആയി അനില്‍ കുംബ്ലെയെ തെരഞ്ഞെടുത്തതിന് പിന്നാലെ മുന്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍. താന്‍ കോച്ച് ആയിരുന്ന കാലത്ത് ചില കളിക്കാര്‍ സ്വാര്‍ഥരായിരുന്നെന്ന് ചാപ്പല്‍ ദി ഹിന്ദുവിന് നല്‍കിയ പ്രതികരണത്തില്‍ ചാപ്പല്‍ ചൂണ്ടിക്കാട്ടി. അനില്‍ കുംബ്ലെയുടെ തെരഞ്ഞെടുപ്പിനെ അദ്ദേഹം ശ്ലാഘിച്ചു.
കോച്ചിന്റെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അനില്‍ കുംബ്ലെയ്ക്ക് തികഞ്ഞ യോഗ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അനില്‍ കുംബ്ലെ രാഹുല്‍ ദ്രാവിഡ് എന്നീ താരങ്ങളെ ഒഴിവാക്കിയാണ് അദ്ദേഹം മുന്‍ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചത്. അനില്‍ കുംബ്ലെയും ദ്രാവിഡും ഒഴികെയുള്ള ചില താരങ്ങള്‍ സ്വാര്‍ഥരായിരുന്നു. അവര്‍ക്ക് ടീമില്‍ നിലനില്‍ക്കണമെന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂയെന്ന് ചാപ്പല്‍ പറയുന്നു.

എല്ലാ താരങ്ങളും ഒരുപോലെ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇന്ത്യ അപരാജിതരാകുമായിരുന്നു. ചില താരങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നതിനു പകരം കുറുക്കുവഴിയാണ് അന്വേഷിച്ചത്. അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്തു. കളിക്കാരുടെ യഥാര്‍ഥ പ്രകടനത്തെ അത് ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അനില്‍ കുംബ്ലെയെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് സൗരവ് ഗാംഗുലി നടത്തിയ പരാമര്‍ശമാണ് ചാപ്പലിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ഗ്രെഗ് ചാപ്പലിനെ തെരഞ്ഞെടുത്തതുപോലെ മറ്റൊരു തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു ഗാംഗുലിയുടെ പരാമര്‍ശം. ചാപ്പലിന്റെ ഇപ്പോഴത്തെ വിമര്‍ശനം ലക്ഷ്മണ്‍, സച്ചിന്‍, ഗാംഗുലി തുടങ്ങിയ താരങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടുണ്ട്.