
ഡ്യുനെഡിന്‍: ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലര്‍ക്കു റെക്കോര്‍ഡ്. ദേശീയ ടീമിനു വേണ്ടി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായി അദ്ദേഹം മാറി. ബംഗ്ലാദേശിനെതിരേ നടന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 51 റണ്‍സെടുത്തതോടെയാണ് ടെയ്‌ലര്‍ നേട്ടത്തിന് അവകാശിയായത്. മുന്‍ നായകും ഇതിഹാസ ഓപ്പണറുമായ സ്റ്റീഫന്‍ ഫ്‌ളെമിങിനെ മറികടന്നാണ് അദ്ദേഹം റണ്‍വേട്ടയില്‍ തലപ്പത്തേക്കു കയറിയത്.
218 ഏകദിനങ്ങളില്‍ നിന്നും 48.32 ശരാശറിയില്‍ 8026 റണ്‍സാണ് ടെയ്‌ലറുടെ സമ്പാദ്യം. ഫ്‌ളെമിങിന്റെ 8007 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ വഴി മാറുകയായിരുന്നു. 279 മല്‍സരങ്ങളില്‍ നിന്നാണ് 32.41 ശരാശരിയില്‍ ഫ്‌ളെമിങ് ഇത്രയും റണ്‍സ് നേടിയത്. ബംഗ്ലാദേശിനെതിരായ കളിക്കു മുമ്പ് ടെയ്‌ലര്‍ 7957 റണ്‍സ് നേടിയിരുന്നത്. അടുത്ത പരമ്പരയ്ക്കു കാത്തുനില്‍ക്കാതെ ബംഗ്ലാദേശിനെതിരേ തന്നെ അദ്ദേഹം പുതിയ റെക്കോര്‍ഡ് കുറിക്കുകയായിരുന്നു.
ഏകദിനത്തില്‍ ടീമിനായി ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനായതില്‍ സന്തോഷമുണ്ടെന്ന് ടെയ്‌ലര്‍ പ്രതികരിച്ചു. 8000 റണ്‍സ് തികയ്ക്കുകകയെന്നത് തീര്‍ച്ചയായും ആഹ്ലാദം നല്‍കുന്ന കാര്യമാണ്. നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ശേഷം കാണികളില്‍ നിന്നു ലഭിച്ച അഭിനന്ദനം മറക്കാനാവില്ല. കരിയറിലെ ആദ്യ കളിയില്‍ ഇറങ്ങിയപ്പോള്‍ ലഭിച്ച അതേ അനുഭവമാണ് തനിക്കുണ്ടായത്. കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാനായാല്‍ ചില റെക്കോര്‍ഡുകളും കുറിക്കാന്‍ കഴിയുമെന്നും ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.