ധാക്ക: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി വീണ്ടുമൊരു കൊവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും സീനിയര്‍ താരവുമായ മഷ്റഫെ മൊര്ത്തസയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പ്രമുഖ ക്രിക്കറ്റര്‍ കൂടിയാണ് മൊര്‍ത്തസ. വ്യാഴാഴ്ച രാത്രിയാണ് പനിയുണ്ടെന്നു താരം അറിയിക്കുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതായി കണ്ടെത്തുകയായിരുന്നു.
2000ത്തിന്റെ തുടക്കം മുതല്‍ ബംഗ്ലാദേശ് ടീമിന്റെ ഭാഗമാണ് മൊര്‍ത്തസ. ക്രിക്കറ്റില്‍ അവരുടെ പതാകവാഹകവാനാന് ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളായും മൊര്‍ത്തസ ചൂണ്ടിക്കാണിക്കപ്പെടുന്നു. ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റില്‍ 78ഉം ഏകദിനത്തില്‍ 270ഉം ടി20യില്‍ 42ഉം വിക്കറ്റുകള്‍ മൊര്‍ത്തസ നേടിയിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹം നല്ല രീതിയില്‍ മരുന്നുകളോട് പ്രതികരിക്കുന്നതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചത്.
വ്യാഴാഴ്ച രാത്രി മുതലാണ് മഷ്റഫെയ്ക്കു കടുത്ത പനിയുണ്ടായത്. മറ്റു ചില ബുദ്ധിമുട്ടുകളും നേരിട്ടു. ഇതേ തുടര്‍ന്നു വെള്ളിയാഴ്ച സാംപിളുകള്‍ കൊവിഡ് ടെസ്റ്റിന് അയക്കുകയായിരുന്നു. നല്ല രീതിയിലാണ് അദ്ദേഹത്തിന്റെ ചികില്‍സ പുരോഗമിക്കുന്നത്. മഷ്റഫെയുടെ കുടുംബത്തിനും കുഴപ്പമില്ലെന്നു അടുത്ത് ബന്ധം പുലര്‍ത്തുന്നവര്‍ അറിയിച്ചു. മൊര്‍ത്തസയുടെ ഭാര്യാ മാതാവിന് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ടുകളുണ്ട്.