സിഡ്‌നി: ഇന്നലെയാണ് ഈ ദശാബ്ദത്തിലെ മികച്ച ഏകദിന,ടെസ്റ്റ്,ടി20 ടീമുകളെ ഐസിസി പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപിച്ചത് മുതല്‍ വലിയ രീതിക്കുള്ള എതിര്‍പ്പാണ് പല ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നത്. താരങ്ങളുടെ മികവിനെ പരിഗണിച്ചുള്ള ടീമല്ല ഇതെന്നാണ് പ്രധാനമായും ആരാധകര്‍ ആരോപിക്കുന്നത്. പാകിസ്താന്‍ താരങ്ങളെ മനപ്പൂര്‍വം തഴയുന്ന സമീപനവും ടീം തിരഞ്ഞെടുപ്പിലുണ്ടെന്ന തരത്തിലുള്ള ആക്ഷേപവും ശക്തമാണ്. ഇപ്പോഴിതാ ഐസിസിയുടെ ടി20 ടീമിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഗില്ലസ്പി.
മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രമാണ് പരിഗണിച്ചതെന്നതിലാണ് ഗില്ലസ്പിക്ക് എതിര്‍ അഭിപ്രായം. എല്ലാ പൊസിഷനിലേക്കമുള്ള താരങ്ങളെ അവരുടെ മികവിനനുസരിച്ചാണോ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഇത് ജനപ്രിയ മത്സരത്തിനുള്ള ടീമാണോയെന്നാണ് ഗില്ലസ്പി ചോദ്യം ഉയര്‍ത്തുന്നത്. ശ്രീലങ്കയുടെ ലസിത് മലിംഗ,ഇന്ത്യയുടെ ജസ്പ്രീത് ബൂംറ എന്നിവര്‍ മാത്രമാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ഉള്ളത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ടീമിലുണ്ട്. പിന്നീടുള്ളത് ഓള്‍റൗണ്ടര്‍മാരായ കീറോണ്‍ പൊള്ളാര്‍ഡും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ്. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ അഭാവമാണ് ഗില്ലസ്പിയെ ചൊടിപ്പിച്ചത്.

ചില പ്രധാന താരങ്ങളുടെ അഭാവവും വലിയ ചര്‍ച്ചയായിട്ടുണ്ട്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍,ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍,പാകിസ്താന്റെ ബാബര്‍ അസാം,ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക്,ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് ഇങ്ങനെ ഒഴിവാക്കപ്പെട്ടവരുടെ നീണ്ട നിരയുണ്ട്. ആരോണ്‍ ഫിഞ്ച് ടീമില്‍ ഇടം പിടിച്ചതും ശ്രദ്ധേയമായി.
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെയാണ് ഐസിസി ടി20 ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്. രോഹിത് ശര്‍മ,ക്രിസ് ഗെയ്ല്‍,ആരോണ്‍ ഫിഞ്ച്,വിരാട് കോലി.എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ്‌വെല്‍,എംഎസ് ധോണി,കീറോണ്‍ പൊള്ളാര്‍ഡ്,റാഷിദ് ഖാന്‍,ജസ്പ്രീത് ബൂംറ,ലസിത് മലിംഗ എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍.
ഏകദിന ടീമിനെതിരേയും എതിര്‍ അഭിപ്രായം നിരവധിയാണ്. രോഹിത് ശര്‍മ,വാര്‍ണര്‍,കോലി,ഡിവില്ലിയേഴ്‌സ്,ഷക്കീബ് അല്‍ഹസന്‍,എംഎസ് ധോണി,ബെന്‍ സ്‌റ്റോക്‌സ്,മിച്ചല്‍ സ്റ്റാര്‍ക്ക്,ട്രന്റ് ബോള്‍ട്ട്,ഇമ്രാന്‍ താഹിര്‍,ലസിത് മലിംഗ എന്നിങ്ങനെയാണ് ടീമിലെ അംഗങ്ങള്‍. ഇതിലും കെയ്ന്‍ വില്യംസണ് ഇടം പിടിക്കാനായില്ല. ബാബര്‍ അസാമിനും ഇടമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അതിപ്രസരമാണ് ഐസിസി ടീമുകളിലെന്ന തരത്തില്‍ ആക്ഷേപം ശക്തമാണ്. ഏകദിന,ടി20 ടീമിനെ ധോണി നയിക്കുമ്പോള്‍ ടെസ്റ്റ് നായകനായി കോലിയെ തിരഞ്ഞെടുത്തതിലും പലര്‍ക്കും വിയോജിപ്പുണ്ട്.