Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രോഗ്ബയുടെ നാട്ടുകാര്‍ വെറുതെയങ്ങ് പോവില്ല, അര്‍ജന്റീനയെ ഞെട്ടിച്ച ഇക്വഡോറിനെ ഭയക്കണം!!

ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഇയില്‍ ജര്‍മനിയും കുറസാവോയും കഴിഞ്ഞാല്‍ പിന്നെയുള്ളത് ഐവറി കോസ്റ്റും ഇക്വഡോറും ആണ്. ഇക്വഡോര്‍ ഇതിന് മുമ്പ് നാലു തവണ ലോകകപ്പിന് എത്തിയിട്ടുണ്ട്. ഐവറി കോസ്റ്റ് ആകട്ടെ മൂന്ന് തവണയും. അത് തുടര്‍ച്ചയായുള്ള മൂന്ന് ലോകകപ്പിലായിരുന്നു. 2006ലും 10ലും പിന്നെ 2014ലും. മൂന്ന് തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

2006ല്‍ ഫുട്‌ബോളില്‍ തഴക്കവും പഴക്കവും പെരുമയും കൂടുതലുള്ള അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും പിന്നെ സെര്‍ബിയ മോണ്ടനെഗ്രോയും ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലായിരുന്നു അവര്‍ക്ക് സ്ഥാനം.

IVORYCOAST

photocredit/instagram/fif.ci

ആദ്യമത്സരം അര്‍ജന്റീനക്ക് എതിരെ. അന്ന് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരമായ ദിദിയര്‍ ദ്രോഗ്ബ ഗോളടിച്ചതായിരുന്നു നാട്ടുകാരുടെ സന്തോഷം. 2010ലും ഗ്രൂപ്പ് കടുപ്പമുള്ളത് തന്നെ. ബ്രസീലും പോര്‍ച്ചുഗലും പിന്നെ വടക്കന്‍ കൊറിയയും ഉള്‍പെട്ട ഗ്രൂപ്പ് ജി.

അന്ന് ബ്രസീലിന് എതിരെയും ദ്രോഗ്ബ ഗോളടിച്ചു. 2014ല്‍ കൊളംബിയക്ക് എതിരെ ഗെര്‍വിഞ്യോ നേടിയ ഗോളായിരുന്നു സന്തോഷം. മൂന്ന് തവണയും ഗ്രൂപ്പില്‍ മൂന്നാംസ്ഥാനക്കാരായിരുന്നു ഐവറി കോസ്റ്റ്.

ഇപ്പോള്‍ ഒരിടവേളക്ക് ശേഷം ഐവറി കോസ്റ്റ് വീണ്ടും കളിക്കാനെത്തുകയാണ്. പത്ത് യോഗ്യതാ മത്സരങ്ങളിലും തോല്‍വി അറിയാതൊണ് ടീം വരുന്നത്. പ്രായോഗിക പരിശീലനമുള്ള, യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ച് ശീലമുള്ള താരങ്ങളാണ് ടീമിലുള്ളത്.

പരിചയസമ്പത്തും ചെറുപ്പവും ഒരു പോലെയുള്ള ടീം. നായകന്‍ ഫ്രാങ്ക് കെസ്സീ മധ്യനിരയുടെ പടത്തലവനാണ്. കായികശേഷി കൊണ്ടും തന്ത്രജ്ഞത കൊണ്ടും കേമന്‍. കരുത്തുള്ള കൂട്ടായി സീകോ ഫൊഫാനയും ആമദ് ഡിയാലോയും.

എതിര്‍ ടീമിന്റെ പ്രതിരോധം ഭേദിക്കാന്‍ കരുത്തുള്ള സിമോണ്‍ അഡിന്‍ഗ്ര, ഉസ്‌മേന്‍ ദിയോമാന്‍ഡെ, ഇബ്രാഹിം സന്‍ഗരെ, ഇവാന്‍ എന്‍ഡിക്ക എന്നിവരും ചേരുന്നതാണ് താരനിര. ബാക്കിയുള്ളവരും ടീമിന് വേണ്ടി പൊരുതാന്‍ മനസ്സും വീറും ഉള്ളവര്‍,

ടീമിന് പോരാട്ടവീര്യം കൂട്ടിയതില്‍ കോച്ച് എമേഴ്‌സ് ഫേക്ക് വലിയ പങ്കാണുള്ളത്. ഫ്രാന്‍സ് യുവനിരയിലും പിന്നെ സ്വന്തം നാടിന് വേണ്ടിയും കളിച്ചിട്ടുണ്ട് ഫേ. 2023 അഫ്‌കോണ്‍ ടൂര്‍ണമെന്റിനിടെ അന്ന് കോച്ചായിരുന്ന ലൂയി ഗസ്സെറ്റിനെ പുറത്താക്കിയതിന് പിന്നാലെ ഇടക്കാല കോച്ചായിട്ടാണ് ഫേ എത്തുന്നത്.

പക്ഷേ അതൊരു ഒന്നൊന്നര വരവായിരുന്നു. ടീമിന് കപ്പ് കിട്ടിയതോടെ ഇടക്കാല ചുമതല സ്ഥിരമായി. ഫേ ഇക്കുറി ലോകകപ്പിലും മിന്നിക്കുമെന്ന് ടീം വെറുതെ കരുതുന്നതല്ലന്ന് ചുരുക്കം. ഒരു താരത്തെ കേന്ദ്രീകരിച്ചല്ല ഫേയുടെ തന്ത്രങ്ങള്‍.

അതിന്റെ ഏറ്റവും നല്ല തെളിവാണ്, യോഗ്യതാ മത്സരങ്ങളിലെ ഗോള്‍ കണക്ക്. ടീമിന്റെ അക്കൗണ്ടിലുള്ളത് 25 ഗോള്‍. അതടിച്ചതോ 15 കളിക്കാരും. അതേസമയം ഒറ്റ ഗോളും വഴങ്ങിയതുമില്ല. ഐവറി കോസ്റ്റ് ഒരു ടീമാണ് എന്നര്‍ത്ഥം.

ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഐവറി കോസ്റ്റിനെ നേരിടാനെത്തുന്നതും ഇക്വഡോറെന്ന ഒറ്റക്കെട്ടായി കളിക്കുന്ന ടീമാണ്. ഒത്തൊരുമിച്ച് പോരാടുന്നവരെ ഉഷാറാക്കി മുന്നോട്ട് നയിക്കാന്‍ അവര്‍ക്കുമുണ്ട് ഉഗ്രനൊരു കോച്ച്. സെബാസ്റ്റ്യന്‍ ബെക്കചെചെ അര്‍ജന്റീനക്കാരനാണ്.

ശ്വസിക്കുന്ന വായുവിലും ഫുട്‌ബോള്‍ കൊണ്ടുനടക്കുന്ന നാട്ടില്‍ നിന്ന് വരുന്ന കോച്ച്. 2024 ഓഗസ്റ്റിലാണ് ഇക്വഡോര്‍ ടീമിന്റെ കോച്ചാകുന്നത്. പ്രതിരോധത്തിലൂന്നി മാത്രം കളിക്കുന്ന ടീമിനെ പന്തിന്റെ കയ്യടക്കം ഉറപ്പാക്കുന്ന കളിയിലേക്കും അങ്ങനെ പുതിയൊരു ഉണര്‍വിലേക്കും ബെക്കചെചെ എത്തിച്ചു.

ബെക്കചെചെ രൂപപ്പെടുത്തിയിരിക്കുന്ന ടീമില്‍ പരിചയസമ്പന്നരുണ്ട്. കൗമാരപ്രതിഭകളുണ്ട്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച ഇനര്‍ വാലെന്‍സിയ ആണ് ടീമിലെ കാരണവരും ക്യാപ്റ്റനും. ചെല്‍സി താരമായ മോയ്‌സെ കൈസെഡോ ആണ് മധ്യനിരയിലെ തന്ത്രങ്ങളുടെ നെടുംതൂണ്‍. ഒപ്പം കൂട്ടിന് ടീനേജ് കടന്നിട്ടില്ലാത്ത കെന്‍ഡ്രി പയെസുമുണ്ട്.

ECUODOR

Photocredit /instagram/latriecu

പ്രതിരോധത്തിന്റെ നട്ടെല്ലാകട്ടെ പീയറോ ഹിന്‍കാപിയും വില്യന്‍ പച്ചോയും. താരനിര ഇവരാണെങ്കിലും ഇവരുടെ കാലുകള്‍ക്ക് ചിറക് നല്‍കുന്നത് ടീമിലെ മറ്റുള്ളവരാണ്. പ്രതിരോധമാണ് ടീമിന്റെ മെയിന്‍. ഇപ്പോഴത്തെ കോച്ച് അതിനൊപ്പം മധ്യനിരയില്‍ നിന്ന് പുതിയ കളി തുടങ്ങാനുള്ള കഴിവും പകര്‍ന്നിരിക്കുന്നു.

പിന്നെ കായികശേഷിയും സൂപ്പര്‍. ബെക്കചെചെ കോച്ചായതിന് ശേഷം യോഗ്യതാമത്സരങ്ങളില്‍ ബ്രസീലിന് എതിരെ മാത്രമാണ് തോറ്റത്. അതിന്റെ കേട് പിന്നെ അര്‍ജന്റീനയെ തോല്‍പിച്ച് അവര്‍ തീര്‍ക്കുകയും ചെയ്തു. ലോകചാമ്പ്യന്‍മാര്‍ക്ക് എതിരെയുള്ളത് ഉള്‍പെടെ ബാക്കിയെല്ലാ മത്സരങ്ങളും ജയിച്ചാണ് അവര്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്.

ആദ്യമായി ലോകകപ്പില്‍ ഇക്വഡോര്‍ കളിച്ചത് 2002ലായിരുന്നു. അന്ന് ആദ്യറൗണ്ടില്‍ പുറത്തായി. തൊട്ടടുത്ത തവണ വീണ്ടുമെത്തി. അന്ന് ഗ്രൂപ്പ് എയില്‍ പോളണ്ടിനെയും കോസ്റ്റാറിക്കയെയും പിന്നിലാക്കി, ജര്‍മനിയുടെ പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ഡേവിഡ് ബെക്കാമിന്റെ ഒറ്റ ഗോളില്‍ ഇംഗ്ലണ്ടിന് മുന്നില്‍ അവരുടെ വഴിയടഞ്ഞു.

പിന്നെ 2014ലും 2022ലും അവരെത്തിയെങ്കിലും ആദ്യ റൗണ്ട് കടക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ചരിത്രത്തിലെ പ്രകടനപ്പെരുമ തിരുത്താനുറച്ചാണ് ഇക്വഡോര്‍ ടീം എത്തുന്നത്. സ്വയം തിരുത്തണമെന്നും തെളിയിക്കണമെന്നും ഉറച്ച് ഉശിരോടെ വരുന്ന രണ്ട് ടീമുകള്‍.

Story first published: Monday, June 1, 2026, 17:06 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+