സിഡ്നി: ഓസ്ട്രേലിയയുടെ വനിതാ ക്രിക്കറ്റ് താരമായ പെപെ ക്ലെറിക്ക് ആറ് മാസത്തെ വിലക്ക്. ഓസ്ട്രേലിയ - ന്യൂസിലന്‍ഡ് പുരുഷ ടെസ്റ്റ് മത്സരവുമായി ബന്ധപ്പെട്ട് പന്തയം വെച്ചതിനാണ് 19 കാരിയായ പെപെയ്ക്ക് വിലക്ക് ലഭിച്ചത്. ബെറ്റിംഗിനോട് ഒരു തരത്തിലുള്ള സഹിഷ്ണുതയും ക്രിക്കറ്റ് ഓസ്ട്രേലിയ കാണിക്കില്ലെന്ന് തീരുമാനം അറിയിച്ചുകൊണ്ട് ഇയാന്‍ റോയിസ് പറഞ്ഞു. ക്രിക്കറ്റില്‍ താരങ്ങളുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള ചൂതാട്ടവും പന്തയവും അനുവദിക്കില്ല.
വനിതകളുടെ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ പെര്‍ത്ത് സ്കോച്ചേഴ്സിന് വേണ്ടി കളിക്കുന്ന താരമാണ് 19കാരിയായ പെപെ. കഴിഞ്ഞ നവംബറില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് പെപെ പന്തയം വെച്ചത്. ചരിത്രത്തിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റ് മത്സരമായിരുന്നു ഇത്. ചെറിയ സ്കോറുകള്‍ മാത്രം വന്ന ഈ ടെസ്റ്റ് മത്സരം ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് ജയിക്കുകയായിരുന്നു.
15.50 ഓസ്ട്രേലിയന്‍ ഡോളറിന് വേണ്ടിയായിരുന്നു പെപെയുടെ പന്തയം. ആറ് തവണയാണ് പെപെ പന്തയത്തില്‍ ഏര്‍പ്പെട്ടത്. ഓസ്ട്രേലിയ - ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരത്തില്‍ താന്‍ പന്തയം വെച്ചതായി താരവും സമ്മതിച്ചിട്ടുണ്ട്. ബെറ്റിംഗുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ വിലക്ക് നേരിടുന്ന രണ്ടാമത്തെ വനിതാ താരമാണ് പെപെ. സിഡ്നി സിക്സേഴ്സിന്റെ ലെഗ് സ്പിന്നറായ ആഞ്ജല റീക്സിനെ 2015 ലോകകപ്പിലെ ബെറ്റിംഗിന് 2 വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു.