മൊഹാലി: ഓസ്‌ട്രേലിയയുടെ പ്രൊഫഷണലിസത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാകിസ്താന് പറ്റിയില്ല. ജയിച്ചേ പറ്റൂ എന്ന നിലയില്‍ മരണക്കളിക്ക് ഇറങ്ങിയ പാകിസ്താനെ 21 റണ്‍സിന് തോല്‍പിച്ച് ഓസ്‌ട്രേലിയ സെമി ഫൈനലിന് ഒരു പടി കൂടി അടുത്തു. തോറ്റ പാകിസ്താന്‍ ലോകകപ്പിന് പുറത്തായി. ഞായറാഴ്ച ഇന്ത്യ - ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികള്‍ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്‍ കടക്കും.
മൊഹാലിയിലെ മനോഹരമായ വിക്കറ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ധസെഞ്ചുറിയും അവസാന ലോകകപ്പ് കളിക്കുന്ന ഷെയ്ന്‍ വാട്‌സന്റെ വെടിക്കെട്ടും ചേര്‍ന്ന് ഓസ്‌ട്രേലിയയ്ക്ക് നേടിക്കൊടുത്തത് 20 ഓവറില്‍ 193 റണ്‍സ്. നാലോവറില്‍ 27 റണ്‍സ് വഴങ്ങിയ ഷാഹിദ് അഫ്രീദി മാത്രമാണ് പരിക്കില്ലാതെ രക്ഷപ്പെട്ട ബൗളര്‍. വഹാബ് റിയാസും ഇമാദ് വസിമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്റെ വെടിക്കെട്ടോടെയാണ് പാകിസ്താന്റെ മറുപടി തുടങ്ങിയത്. 19 പന്തില്‍ എണ്ണം പറഞ്ഞ 6 ബൗണ്ടറി സഹിതം 30 റണ്‍സ്. എന്നാല്‍ മറുവശത്ത് അഹ്മദ് ഷെഹ്‌സാദ് കാടന്‍ അടിയടിച്ച് പുറത്തായി. ഖാലിദ് ലത്തീഫ് 46, ഉമര്‍ അക്മല്‍ 32, ഷോയിബ് മാലിക് 40 എന്നിവര്‍ പൊരുതിയെങ്കിലും മധ്യ ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താനായില്ല. അഫ്രീദി 7 പന്തില്‍ 14 റണ്‍സടിച്ചു. 5 വിക്കറ്റെടുത്ത ഫോക്‌നറാണ് മാന്‍ ഓഫ് ദ മാച്ച്.
ഏഷ്യാകപ്പിന് പിന്നാലെ ലോകകപ്പിലും പാകിസ്താന്‍ ആദ്യറൗണ്ടില്‍ പുറത്തായി എന്നത് വിശ്വസിക്കാന്‍ പറ്റാതിരിക്കുകയാണ് ആരാധകര്‍. ഒരുപാട് പ്രശ്‌നങ്ങളിലേക്കാണ് ഷാഹിദ് അഫ്രീദിയും തിരിച്ചുപോകുന്നത്. ക്യാപ്റ്റന്‍ അഫ്രീദി അടക്കം പല പ്രമുഖരുടെയും സ്ഥാനം ഈ ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ തെറിക്കും എന്ന കാര്യം ഉറപ്പാണ്. ഷാഹിദ് അഫ്രീദി നാട്ടിലെത്തിയ ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.