കറാച്ചി: എത്ര വലിയ ക്രിക്കറ്റ് താരമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ട് കയ്യില്‍ പണമില്ല എന്ന് പറഞ്ഞാല്‍ തീര്‍ന്നില്ലേ. പാകിസ്താന്റെ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഷാഹിദ് അഫ്രിദിക്കാണ് ഈ പറ്റ് പറ്റിയത്. ന്യൂസിലാന്‍ഡിലെ മക്‌ഡൊണാള്‍ഡ്‌സില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ക്യാപ്റ്റന്‍ അഫ്രീദിയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ അഹമ്മദ് ഷെഹ്‌സാദും.
ഭക്ഷണം കഴിഞ്ഞപ്പോഴാണ് മനസിലായത് കയ്യില്‍ ന്യൂസിലാന്‍ഡ് ഡോളര്‍ ഇല്ലെന്ന്. ഉണ്ടായിരുന്നത് അമേരിക്കന്‍ ഡോളര്‍. അതാകട്ടെ മക്‌ഡൊണാള്‍ഡ്‌സില്‍ സ്വീകരിക്കുകയുമില്ല. സംഗതി കൈവിട്ടുപോകും എന്ന ഘട്ടത്തിലാണ് ആരാധകനായ വഖാസ് നവീദ് അഫ്രീദിയുടെയും ഷെഹ്‌സാദിന്റെയും രക്ഷയ്‌ക്കെത്തിയത്. ഇഷ്ടതാരങ്ങളുടെ ബില്‍ വഖാസ് സന്തോഷപൂര്‍വ്വം കൊടുത്തു. ജനുവരി 15ന് തുടങ്ങുന്ന ഏകദിന പരമ്പര കളിക്കാനാണ് പാകിസ്താന്‍ ടീം ന്യൂസിലന്‍ഡിലെത്തിയത്.

ജനുവരി 11 തിങ്കളാഴ്ച ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് വിമാനത്താവളത്തിലാണ് രസകരമായ കാര്യങ്ങള്‍ അരങ്ങേറിയത്. ആരാധകന്‍ അഫ്രീദിയുടെ ബില്‍ കൊടുത്ത കാര്യം നാട്ടിലെ പത്രങ്ങള്‍ വലിയ ആഘോഷത്തോടെ വാര്‍ത്തയാക്കുകയും ചെയ്തു. സ്വതവേ പാക് മാധ്യമങ്ങളുമായി നല്ല ബന്ധമില്ലാത്ത അഫ്രീദി മാധ്യമങ്ങളെ വിമര്‍ശിച്ച് ട്വീറ്റും ചെയ്തു. സംഭവം വിശദമായി ട്വിറ്ററില്‍ എഴുതിയെങ്കിലും, ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിലെത്തിയത് താരത്തിന് തീരെ പിടിച്ചിട്ടില്ല.