കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ ഇതിനോടകം സ്വന്തം പേരിലാക്കിയ താരമാണ് വിരാട് കോലി. ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ മറ്റൊരു തലത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. പാകിസ്താന് 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്ത നായകനാണ് സര്‍ഫറാസ് അഹമ്മദ്. ടീം മാനേജ്‌മെന്റുമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിലവില്‍ പാകിസ്താന്‍ ടീമിന് പുറത്താണ് സര്‍ഫറാസുള്ളത്.
എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇപ്പോഴും അദ്ദേഹം സജീവമായി തുടരുന്നു. ക്യൂട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ നായകനാണ് അദ്ദേഹം. ഫഫ് ഡുപ്ലെസിസ് സര്‍ഫറാസിന്റെ കീഴിലാണ് പിഎസ്എല്‍ കളിക്കുന്നത്.ഇപ്പോഴിതാ ക്രിക്കറ്റ് പാകിസ്താന് നല്‍കിയ അഭിമുഖത്തില്‍ സര്‍ഫറാസ് അഹ്മദും വിരാട് കോലിയും ഒരേ ശൈലിയുള്ള നായകന്മാരാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡുപ്ലെസിസ്.

'എംഎസ് ധോണിയുടെയും സര്‍ഫറാസിന്റെയും ക്യാപ്റ്റന്‍സി ശൈലി വ്യത്യസ്തമാണ്.വളരെ ശാന്തതയോടെ ധോണി കാര്യങ്ങള്‍ കൈകാര്യം ചെയ്യും. സര്‍ഫറാസ് ഇതിന് നേരെ വിപരീതമാണ്. ഏകദേശം വിരാട് കോലിയെപ്പോലെ.ഇരുവരും എപ്പോഴും താരങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കും. നയിക്കുന്ന ടീമിനോട് വലിയ ആത്മാര്‍ത്ഥത കാട്ടുന്ന ഇരുവരും അത് പ്രകടിപ്പിക്കാറുമുണ്ട്. താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് ആവിശ്യപ്പെടുന്ന നായകനാണ് സര്‍ഫറാസ്'-ഡുപ്ലെസിസ് പറഞ്ഞു.
2017ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം സര്‍ഫറാസിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പാകിസ്താന്‍ നേടിയപ്പോള്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത് ഇന്ത്യയെയായിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ മുഹമ്മദ് അമീറാണ് അന്ന് തകര്‍ത്തത്. പിന്നീട് നാട്ടില്‍ ശ്രീലങ്കയോട് പരമ്പര കൈവിട്ടത് സര്‍ഫറാസിനെതിരേ ആരാധക പ്രതിഷേധം ഉണ്ടാകാന്‍ കാരണമായി.
താരത്തിന്റെ ഫിറ്റ്‌നസിനെതിരേ ചോദ്യം ഉയരുകയും ചെയ്തു. കളത്തില്‍ അലസതയോടെ കാണുന്ന സര്‍ഫറാസിനെതിരേ ട്രോളുകളും സജീവമായിരുന്നു. ഒടുവില്‍ അദ്ദേഹത്തെ പാകിസ്താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി.ഇതോടെ ടീമിലെ സ്ഥാനവും നഷ്ടമായ സര്‍ഫറാസ് നിലവില്‍ പിഎസ്എല്ലില്‍ കളിക്കുന്നുണ്ട്. ഇനി പാകിസ്താന്‍ ടീമിലേക്ക് അദ്ദേഹം തിരിച്ചെത്തുക പ്രയാസമാവും.
34കാരനായ സര്‍ഫറാസ് 49 ടെസ്റ്റില്‍ നിന്ന് 2657 റണ്‍സും 117 ഏകദിനത്തില്‍ നിന്ന് 2315 റണ്‍സും 60 ടി20യില്‍ നിന്ന് 812 റണ്‍സുമാണ് നേടിയിട്ടുള്ളത്. ക്യാപ്റ്റന്‍സി റെക്കോഡുകളില്‍ ചാമ്പ്യന്‍സ് ട്രോഫിയെ മാറ്റിനിര്‍ത്തിയാല്‍ വലിയ നേട്ടങ്ങള്‍ താരത്തിന് അവകാശപ്പെടാനാവില്ല. കോലിയുടെ കളിക്കണക്കുകളുമായും ക്യാപ്റ്റന്‍സി റെക്കോഡുകളുമായും സര്‍ഫറാസിനെ താരതമ്യം ചെയ്താല്‍ മുന്‍തൂക്കം കോലിക്ക് തന്നയാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി.