ഐപിഎല്‍ 2025 ലെ മെഗാലേലത്തിന് പിന്നാലെ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട പേരാണ് വൈഭവ് സൂര്യവംശി. ക്രിക്കറ്റ് ലോകത്ത് അതിന് മുന്‍പെ തന്നെ വൈഭവ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ടെങ്കിലും മെഗാലേലത്തില്‍ ഒരു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയതിലൂടെയാണ് എല്ലാവരും താരത്തെ ശ്രദ്ധിക്കുന്നത്. രണ്ടര വയസ് മുതല്‍ ക്രിക്കറ്റ് പിച്ചിലെത്തിയ വൈഭവ് സ്‌കൂള്‍ ക്രിക്കറ്റിലും അണ്ടര്‍ 9, 12, 14 ഫോര്‍മാറ്റുകളിലുമെല്ലാം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ വൈഭവിനെ സ്വന്തമാക്കിയെങ്കിലും ഈ സീസണില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല എന്നായിരുന്നു എല്ലാവരുടേയും വിലയിരുത്തല്‍. എന്നാല്‍ ഈ സീസണില്‍ ഇതിനോടകം മൂന്ന് മത്സരങ്ങളില്‍ താരം കളത്തിലിറങ്ങിയിരുന്നു. ഏപ്രില്‍ 19-ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് വൈഭവ് ഐപിഎല്ലില്‍ അരങ്ങേറിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനുമായി.
അരങ്ങേറ്റ മത്സരത്തില്‍, ആദ്യ പന്തില്‍ ഒരു സിക്‌സ് ഉള്‍പ്പെടെ 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടിക്കൊണ്ടാണ് താരം വരവറിയിച്ചത്. എന്നാല്‍ വൈഭവ് തന്റെ വിശ്വരൂപം പൂണ്ടത് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആയിരുന്നു. ഐപിഎല്ലില്‍ എന്നല്ല ലോക ടി20 യിലെ തന്നെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി.

തിങ്കളാഴ്ച ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി വെറും 38 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് 14 കാരന്‍ റെക്കോഡിട്ടത്. വെറും 35 പന്തില്‍ ആയിരുന്നു വൈഭവ് സൂര്യവംശി സെഞ്ച്വറി പിന്നിട്ടത്. ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. റാഷിദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ്മ എന്നീ മികച്ച ബൗളര്‍മാരാണ് വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.
തന്റെ മിന്നും സെഞ്ച്വറി വൈഭവിന് ക്രിക്കറ്റ് ലോകത്ത് നിന്ന് മാത്രമല്ല പ്രശംസ സമ്മാനിച്ചത്. ഫോര്‍മുല 1 (എഫ്1) താരം ഓസ്‌കാര്‍ പിയാസ്ട്രി വൈഭവ് സൂര്യവംശിയുടെ മിന്നുന്ന സെഞ്ച്വറിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഓസ്ട്രേലിയന്‍ കാറോട്ടക്കാരനായ ഓസ്‌കാര്‍ പിയാസ്ട്രി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വൈഭവിന്റെ ചിത്രം സ്‌റ്റോറിയാക്കുകയും കൈയ്യടിക്കുന്ന ഇമോജിയോടെ '14' എന്ന് എഴുതുകയും ചെയ്തു.
ഫോര്‍മുല 1 2025 സീസണില്‍ സ്വപ്നതുല്യമായ തുടക്കം കുറിച്ച ഓസ്‌കാര്‍ പിയാസ്ട്രി 99 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ചൈന, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഏഷ്യയില്‍ ട്രിപ്പിള്‍ ഹെഡറിന് ശേഷമുള്ള ഒരു ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം, 2025 എഫ്1 സീസണ്‍ മിയാമി ഗ്രാന്‍ഡ് പ്രിക്‌സിനായി യുഎസിലേക്ക് പോകാനിരിക്കുകയാണ് അദ്ദേഹം.
അതേസമയം ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്. തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ മുംബൈ പോയന്റ് പട്ടികയില്‍ മുന്നെ കുതിക്കുകയാണ്. രാജസ്ഥാനാകട്ടെ പ്ലേ ഓഫ് സാധ്യതകള്‍ അല്‍പമെങ്കിലും ബാക്കി വെക്കാന്‍ ഇന്ന് ജയിച്ചേ മതിയാകൂ. എന്നാല്‍ ഇന്നത്തെ മത്സരം അതൊന്നും കൊണ്ടല്ല സവിശേഷമാകുന്നത്.
വൈഭവ് സൂര്യവംശിയെ സംബന്ധിച്ചിടത്തോളം ഗുജറാത്തിനെതിരായ തന്റെ പ്രകടനം ഒറ്റപ്പെട്ടതല്ലെന്ന് ലോകത്തെ കാണിക്കാന്‍ ഇന്നത്തെ മത്സരത്തിന് സാധിക്കും. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരായ ട്രെന്റ് ബോള്‍ട്ടിനെയും ജസ്പ്രീത് ബുംറയെയും ആണ് ഇന്ന് വൈഭവിന് നേരിടേണ്ടി വരുന്നത്. അതിനാല്‍ തന്നെ എല്ലാവരുടേയും കണ്ണുകള്‍ ഈ പോരാട്ടത്തിലേക്കായിരിക്കും.