ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനൊപ്പം അത്താഴം കഴിക്കാന്‍ ഇരുപതിനായിരമാണ് ചെലവ്. ബി ജെ പി നേതാവ് നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഇതിലും ചെലവ് വരും. അപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പം അത്താഴം കഴിക്കണമെങ്കിലോ. ആയിരത്തഞ്ഞൂറ് മുതല്‍ മൂവായിരം വരെ ഓസ്‌ട്രേലിയന്‍ ഡോളര്‍ ചെലവാക്കേണ്ടിവരും.
അത്താഴം ഓസ്‌ട്രേലിയയില്‍ വെച്ചായതിനാലാണ് ചെലവ് വരുന്ന തുകയും ഓസ്‌ട്രേലിയന്‍ ഡോളറിലായത്. ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക കളി കാണാന്‍ വേണ്ടിയാണ് സച്ചിന്‍ എത്തുന്നത്. പാകിസ്താനെ തോല്‍പിച്ച പോലെ അത്ര എളുപ്പമാകില്ല ദക്ഷിണാഫ്രിക്കയുമായുള്ള കളി എന്നൊരു മുന്നറിയിപ്പ് സച്ചിന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 22 നാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക കളി. 26 നാണ് സച്ചിനൊപ്പമുള്ള ഡിന്നര്‍. തിരഞ്ഞെടുക്കപ്പെട്ട 60 പേരാണ് ഡിന്നറിന് ഉണ്ടാകുക. സച്ചിനൊപ്പം ഒരു രാജകീയ ഡിന്നറിന്റെ പരസ്യങ്ങള്‍ ലോകകപ്പ് വേദികളിലും എത്തിയിട്ടുണ്ട്. അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത് എന്ന് സംഘാടകരില്‍ ഒരാള്‍ പറഞ്ഞു.
3000 ഡോളര്‍ ചെലഴിക്കുന്ന 12 പേര്‍ക്ക് സച്ചിനോടൊപ്പം ഒരേ മേശയില്‍ ഭക്ഷണം കഴിക്കാനുള്ള അവസരം കിട്ടും. ലോകകപ്പ് ഫൈനല്‍ കാണാന്‍ സച്ചിന്‍ മെല്‍ബണില്‍ എത്തുമ്പോഴും സമാനമായ പരിപാടി ഒരുക്കാന്‍ പദ്ധതിയുണ്ട്. കെജ്രിവാളിന്റെയും മോദിയുടെയും പണം പാര്‍ട്ടി ഫണ്ടിലേക്ക് പോകുമെങ്കില്‍ സച്ചിന്‍ ഫൗണ്ടേഷനിലേക്കാണ് ഇ പരിപാടിയുടെ തുക പോകുക.