ബോഡിലൈന്‍ മുതല്‍ നൂറ്റാണ്ടിന്റെ പന്തുവരെ, ചരിത്രത്തില്‍ ഇടംപിടിച്ച ആഷസ് ഓര്‍മ്മകള്‍
വീണ്ടുമൊരു ആഷസ് കാലം ആരംഭിക്കാന്‍ പോകുന്നു. ക്രിക്കറ്റിലെ ബദ്ധവൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പര ഓഗസ്റ്റ് ഒന്നു മുതല്‍ തുടങ്ങും. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രമുണ്ട് ആഷസ് പരമ്പരയ്ക്ക് പറയാന്‍. ഈ അവസരത്തില്‍ ചരിത്രത്തില്‍ ഇടംപിടിച്ച ആഷസ് ഓര്‍മ്മകള്‍ ഇവിടെ പുതുക്കാം.
ബോഡി ലൈൻ പരമ്പര
1932-33 കാലഘട്ടത്തിലെ ആഷസ് പരമ്പര, ബോഡിലൈന്‍ പരമ്പര എന്ന പേരിലാണ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ നയിക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ നന്നെ പാടുപെട്ട കാലം.
എന്തുവിധേനയും ആഷസ് പരമ്പര നേടുകയെന്ന ചിന്ത മനസ്സില്‍ കയറിക്കൂടിയപ്പോള്‍ ഡഗ്‌ലസ് ജാര്‍ഡൈന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പടയ്‌ക്കൊരു ബുദ്ധി തോന്നി. സ്വതസിദ്ധ ശൈലിയില്‍ ബാറ്റുവീശുന്ന ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശരീരത്തിന് നേരെ പന്തെറിയുക. ശരീരത്തിലേക്ക് കുത്തിയുയരുന്ന പന്തിനെ പ്രതിരോധിക്കാന്‍ ബാറ്റ്‌സ്മാന്‍ നടത്തുന്ന ശ്രമം ക്യാച്ചിനുള്ള സാധ്യത വര്‍ധിപ്പിക്കും.
തോമസ് ലാര്‍വുഡ് നയിച്ച ഇംഗ്ലീഷ് ബോളിങ് നിര ബാറ്റ്‌സ്മാന്‍മാരെ ലക്ഷ്യമാക്കി പന്തെറിഞ്ഞു തുടങ്ങിയതോടെ ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ ഓരോന്നായി വീഴാന്‍ തുടങ്ങി. ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചെങ്കിലും അന്നത്തെ ആഷസ് പരമ്പര 4-1 എന്ന നിലയ്ക്കാണ് ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍വെച്ചു തൂത്തുവാരിയത്. എന്നാല്‍ പിന്നീട് ക്രിക്കറ്റില്‍ പുതിയ നിയമങ്ങള്‍ക്ക് ഈ സംഭവം ആധാരമായി.
1981 ആഷസ് (ബോതംസ് ആഷസ്)
ഇയാന്‍ ബോതം. ലോകംകണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍. 1981 -ല്‍ ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് താരം ഇയാന്‍ ബോതം നടത്തിയ മാസ്മരിക പ്രകടനമാണ് ഈ വിശേഷണത്തിന്റെ ആണിക്കല്ല്. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 1-0 എന്ന നിലയ്ക്ക് ഓസ്‌ട്രേലിയ മുന്നിട്ടു നില്‍ക്കുന്ന സന്ദര്‍ഭം.
പക്ഷെ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇയാന്‍ ബോതം അവിസ്മരണീയപ്പോള്‍ ആഷസ് പരമ്പര 3-1 എന്ന നിലയില്‍ ഓസ്‌ട്രേലിയ അടിയറവു പറഞ്ഞു. പരമ്പര അവസാനിക്കുമ്പോള്‍ 399 റണ്‍സും 34 വിക്കറ്റുമായിരുന്നു ഇയാന്‍ ബോതം സ്വന്തം പേരിലാക്കിയത്.
പരമ്പരയില്‍ മൂന്നു തവണ അഞ്ചു വിക്കറ്റു നേട്ടം ബോതം നേടി. ഇതിലൊരിന്നിങ്ങ്‌സില്‍ കേവലം ഒരു റണ്‍ വഴങ്ങിയാണ് ഇദ്ദേഹം അഞ്ചു വിക്കറ്റു പിഴുതെടുത്തത്. 'ബോതംസ് ആഷസ്' എന്ന പേരില്‍ ഈ പരമ്പര ചരിത്രത്തില്‍ അറിയപ്പെടുന്നു.
നൂറ്റാണ്ടിന്റെ പന്ത്
ജൂണ്‍ നാല്, 1993. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ ആരംഭിച്ച ആദ്യ ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ മൂന്നു പേസ് ബോളര്‍മാരെ കളിപ്പിക്കാനായിരുന്നു ഓസ്‌ട്രേലിയ തീരുമാനിച്ചത്. 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു പരിചയമുള്ള ഷെയ്ന്‍ വോണ്‍ മാത്രമായി ടീമിലെ ഏക സ്പിന്നര്‍.
ഓസ്‌ട്രേലിന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ ലെഗ് സ്പിന്നറായ ഷെയ്ന്‍ വോണിനെ പന്തേല്‍പ്പിക്കുമ്പോള്‍ ഏവരും കരുതി സ്പിന്നിനെതിരെ മികച്ച റെക്കോര്‍ഡുള്ള മൈക്ക് ഗാറ്റിങ്ങിന് കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന്. പക്ഷെ ക്രിക്കറ്റിലെ ഏറ്റവും അവിശ്വസനീയമായ നിമിഷങ്ങള്‍ക്കാണ് തൊട്ടുപിന്നാലെ ഗാറ്റിങ് സാക്ഷിയായത്.
ലെഗ് സ്റ്റംപിന് വെളിയില്‍ നിന്നും കുത്തിത്തിരിഞ്ഞ പന്ത് ഓഫ് സ്റ്റംപിലേക്ക് കയറുമ്പോള്‍ ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ വോണ്‍ കാറ്റില്‍പ്പറത്തി. സംഭവിച്ചതെന്തെന്നറിയാന്‍ നിമിഷങ്ങള്‍ പിന്നെയും വേണ്ടി വന്നു ബാറ്റ്‌സ്മാനായ ഗാറ്റിങ്ങിനും അംപയറായ ഡിക്കി ബേര്‍ഡിനും.
2005 ആഷസ്
ആഷസ് ചരിത്രത്തില്‍ ഏറ്റവും പരാമര്‍ശിക്കപ്പെട്ട പരമ്പരയാണ് 2005 -ലേത്. 1981 -ല്‍ ഇയാന്‍ ബോതം നടത്തിയ പോരാട്ടത്തിന്റെ തനിയാവര്‍ത്തനം 2005 ആഷസ് പരമ്പരയിലും ക്രിക്കറ്റ് ലോകം കണ്ടു. ആന്‍ഡ്രു ഫ്‌ളിന്റോഫായിരുന്നു ഇക്കുറി തിളങ്ങിയത്.
402 റണ്‍സും 24 വിക്കറ്റുകളുമായി ഫ്‌ളിന്റോഫ് പരമ്പരയുടെ ഗതി നിശ്ചയിച്ചു. ഒരു സെഞ്ചുറിയും മൂന്നു അര്‍ധ സെഞ്ചുറിയുമാണ് ഫ്‌ളിന്റോഫിന്റെ ബാറ്റില്‍ നിന്നു പിറന്നത്. 16 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ആഷസ് കപ്പ് ഇംഗ്ലണ്ട് തിരിച്ചെടുക്കുമ്പോള്‍ ലോക ക്രിക്കറ്റിലെ മറ്റൊരു മികച്ച ഓള്‍റൗണ്ടറായി ആന്‍ഡ്രു ഫ്‌ളിന്റോഫ് വാഴ്ത്തപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications