Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടെസ്റ്റ്: മഴ വിന്‍ഡീസിനെ രക്ഷിച്ചു, നാലാം ദിനം ഒരോവര്‍ പോലും കളി നടന്നില്ല

1
46755

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പരാജയഭീതിയിലായിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ നാലാം ദിനം മഴ രക്ഷിച്ചു. മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളി നടന്നില്ല. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലായിരുന്നു മൂന്നാംദിനം കളി അവസാനിപ്പിച്ചത്. എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ 389 റണ്‍സാണ് വിന്‍ഡീസിനു ഇനി ജയിക്കാന്‍ വേണ്ടിയിരുന്നത്.

തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് പിഴുത് ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കവെയാണ് നാലാം ദിനം രസം കൊല്ലിയായി മഴയെത്തിയത് . കാംബെല്ലിന്റെയും (0) നൈറ്റ് വാച്ച്മാന്‍ കെമര്‍ റോച്ചിന്റെയും (4) വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് മൂന്നാംദിനം നഷ്ടമായത്. രണ്ടുപേരെയും സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കുകയായിരുന്നു. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനൊപ്പം (2) ഷായ് ഹോപ്പാണ് (4) ക്രീസിലുള്ളത്.

രണ്ടാം ഇന്നിങ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിന് 399 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു. 172 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി റോറി ബേണ്‍സ് (90), ഡോം സിബ്ലി (56), ജോ റൂട്ട് (68) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ബേണ്‍സിനെ ചേസ് മടക്കിയപ്പോള്‍ സിബ്ലിയെ ഹോള്‍ഡറും പുറത്താക്കി. നേരത്തെ ഇംഗ്ലണ്ടിന്റെ 369 റണ്‍സ് ഒന്നാം ഇന്നിങ്‌സ് പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 197 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ബൗളിങ്ങാണ് സന്ദര്‍ശകരെ തകര്‍ത്തത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും ജോഫ്ര ആര്‍ച്ചര്‍,ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് (46) വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഷെയ്ന്‍ ഡൗറിച്ചും (37) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ബ്രോഡിന് മുന്നില്‍ വീണു. ക്രയ്ഗ് ബ്രാത്ത്വെയ്റ്റ് (1), ജോണ്‍ കാംബെല്‍ (32), ഷായ് ഹോപ് (17), ഷംറാ ബ്രോക്‌സ് (4), റോഷ്ടണ്‍ ചേസ് (9), ബ്ലാക്ക് വുഡ് (26), കോണ്‍വാല്‍ (10), കിമാര്‍ റോച്ച് (0), ഷനോന്‍ ഗബ്രിയേല്‍ (0*) എന്നിവരാണ് പുറത്തായ മറ്റ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനത്ത് ഗംഭീര പ്രകടനം തന്നെയാണ് ആതിഥേയരായ ഇംഗ്ലണ്ട് കാഴ്ചവെച്ചത്.

westindies-england

ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 369റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച നേരിട്ടു.ഒരു ഘട്ടത്തില്‍ എട്ട് വിക്കറ്റിന് 280 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നെങ്കിലും വാലറ്റത്ത് വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ സ്റ്റുവര്‍ട്ട് ബ്രോഡ് (62) ഇംഗ്ലണ്ടിനെ 369 എന്ന സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 45 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ബ്രോഡിന്റെ പ്രകടനം. രണ്ടാം ദിനം തുടങ്ങി സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒലി പോപ്പിനെ (91) ഇംഗ്ലണ്ടിന് നഷ്ടമായി. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ ഷനോന്‍ ഗബ്രിയേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. അധികം വൈകാതെ ക്രിസ് വോക്‌സിന്റെ (1) വിക്കറ്റ് കിമാര്‍ റോച്ച് പിഴുതപ്പോള്‍ ജോസ് ബട്‌ലറെ (62) റോഷ്ടണ്‍ ചേസ് ബ്ലാക്ക് വുഡിന്റെ കൈകളിലെത്തിച്ചു. ജോഫ്ര ആര്‍ച്ചറെ (3) റോച്ചും പുറത്താക്കി. അടിച്ചുതകര്‍ത്ത ബ്രോഡിനെ ചേസ് ബ്ലാക്ക് വുഡിന്റെ കൈയിലെത്തിച്ചപ്പോള്‍ അവസാന വിക്കറ്റായ ജെയിംസ് ആന്‍ഡേഴ്‌സണെ (11) ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും പുറത്താക്കി. ഡോം ബെസ്സ് (18*) പുറത്താവാതെ നിന്നു. ഒന്നാം ദിനം നാല് വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ഓപ്പണര്‍ റോറി ബേണ്‍സിന്റെ (57) അര്‍ധ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചത്. മികച്ച രീതിയില്‍ മുന്നോട്ടുപോവുകയായിരുന്ന ബേണ്‍സിനെ റോഷ്ടണ്‍ ചേസാണ് പുറത്താക്കിയത്. രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബെന്‍ സ്റ്റോക്‌സിനെ (20) കിമാര്‍ റോച്ച് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഡോം സിബ്ലി (0), ജോ റൂട്ട് (17)എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. സിബ്ലിയെ കിമാര്‍ റോച്ച് എല്‍ബിയില്‍ കുരുക്കിയപ്പോള്‍ റൂട്ടിനെ റോഷ്ടണ്‍ ചേസ് റണ്ണൗട്ടാക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കിമാര്‍ റോച്ചിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. ഷനോന്‍ ഗബ്രിയേല്‍, റോഷ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനത്തില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനച്ച് ആധിപത്യം നേടാമെന്ന പ്രതീക്ഷയിലാണ് ജേസണ്‍ ഹോള്‍ഡര്‍ ബൗളിങ് തിരഞ്ഞെടുത്തത്. മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 സമനില പങ്കിടുന്നതിനാല്‍ മൂന്നാം ടെസ്റ്റ് ജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക. സതാംപ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്ററില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. മഴ മൂന്നാം ദിനം നഷ്ടപ്പെടുത്തിയിട്ടും കരുത്തുറ്റ ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുകയായിരുന്നു. മൂന്നാം ടെസ്റ്റും മാഞ്ചസ്റ്ററില്‍ തന്നെ നടക്കുന്നതിനാല്‍ മുന്‍തൂക്കം ഇംഗ്ലണ്ടിന് തന്നെയാണ്.

Story first published: Monday, July 27, 2020, 23:30 [IST]
Other articles published on Jul 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+