ഫേവറിറ്റുകള്‍ക്ക് നോക്കൗട്ടിലെത്താന്‍ ഒരു വഴി മാത്രം... ഇത് മാറണം, സാധ്യത ഇത്ര മാത്രം
ലണ്ടന്‍: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് കളികളില്‍ തോല്‍വി വഴങ്ങി ആകെ കുടുങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് എന്തെങ്കിലും സാധ്യത നിലനില്‍ക്കുന്നുള്ളൂ. പക്ഷേ ഈ മത്സരങ്ങള്‍ വിജയിക്കാന്‍ ഇംഗ്ലണ്ട് ഇപ്പോഴുള്ള രീതി പൊളിച്ചെഴുതേണ്ടി വരും. അതിന് ഇംഗ്ലണ്ട് വഴങ്ങുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.
മുന്‍ താരങ്ങള്‍ അടക്കം സമീപനം മാറണമെന്നാണ് ഇംഗ്ലണ്ട് ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട് വണ്‍ ഡൈമന്‍ഷനല്‍ ടീമാണെന്ന് പലരും സൂചിപ്പിക്കുന്നു. മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഭയപ്പെട്ടാണ് കളിക്കുന്നതെന്നാണ് പറഞ്ഞത്. ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ പ്രകടനവും ശരീര ഭാഷയും തോല്‍വി മുന്നില്‍ കണ്ട് കളിക്കുന്നവരെ പോലെയായിരുന്നു.

ഓപ്പണിംഗ് മാറണം
ഇംഗ്ലണ്ടിന് ടൂര്‍ണമെന്റിന്റെ പകുതിയില്‍ താളം നഷ്ടപ്പെടാനുള്ള പ്രധാന കാരണം ഓപ്പണിംഗാണ്. ജേസന്‍ റോയ് എന്ന വെടിക്കെട്ട് താരത്തിന് പകരം ടീമിലെത്തിയത് ജെയിംസ് വിന്‍സിയാണ്. എന്നാല്‍ കളിച്ച മൂന്ന് കളിയും വന്‍ പരാജയമായിരിക്കുകയാണ് വിന്‍സി. ഇന്ത്യക്കെതിരായ അടുത്ത മത്സരത്തില്‍ ജേസന്‍ റോയിയെ കളിപ്പിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് വീണ്ടും പരാജയത്തെ നേരിടും. റോയ് വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ജേസന്‍ റോയ് വരുന്നത് മറ്റൊരു ഓപ്പണിംഗ് താരമായ ജോണി ബെയര്‍സ്‌റ്റോയുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കും.

ഇന്ത്യയെ വീഴ്ത്തണം
ഇംഗ്ലണ്ടിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യയെ വീഴ്ത്തണം എന്നുള്ളതാണ്. ഇത് അസാധ്യമായ കാര്യമല്ല. ഇന്ത്യക്കെതിരെ ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യുക എന്ന തന്ത്രം ഇംഗ്ലണ്ട് നടപ്പാക്കണം. ടൂര്‍ണമെന്റില്‍ ഇതുവരെ ഭേദപ്പെട്ട സ്‌കോര്‍ ചേസ് ചെയ്ത് വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. അതുകൊണ്ട് ബാറ്റ് ചെയ്യുക നിര്‍ണായകമാണ്. മറ്റൊന്ന് ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഇന്ത്യക്ക് എറിയാതിരിക്കുക എന്നതാണ്. ഷോര്‍ട്ട് ബോളുകള്‍ എതിരാളികള്‍ എറിയുമെന്ന് ഇന്ത്യ മനസ്സിലാക്കിയിട്ടുണ്ട്. വിക്കറ്റ് ടു വിക്കറ്റ് പന്തുകള്‍ കൂടുതല്‍ എറിഞ്ഞാല്‍ ഇന്ത്യ അതില്‍ വീഴുകയും ഇംഗ്ലണ്ടിന് നല്ല ജയം നേടുകയും ചെയ്യും. ഇതില്‍ ഏതെങ്കിലുമൊന്ന് പിഴച്ചാല്‍ തോല്‍വി ഉറപ്പാണ്.

സമ്മര്‍ദവും കിവീസും
അത് രണ്ടും കടന്നാല്‍ ഇംഗ്ലണ്ടിന് മുന്നില്‍ മറ്റൊരു വെല്ലുവിളിയുണ്ട്. നിര്‍ണായക സമയത്ത് സമ്മര്‍ദങ്ങളില്‍ വീഴുന്നതാണ് വലിയ വെല്ലുവിളി. ഏകദിന പരമ്പരകളില്‍ ഈ പ്രശ്‌നം ഇംഗ്ലണ്ടിനില്ല. എന്നാല്‍ ലോകകപ്പ് പോലുള്ള നിര്‍ണായക ഐസിസി ടൂര്‍ണമെന്റുകളില്‍ സമ്മര്‍ദം ഇംഗ്ലണ്ടിന്റെ കൂടപ്പിറപ്പാണ്. ഇത് മറികടക്കാന്‍ അറ്റാക്കിംഗ് ബാറ്റിംഗാണ് നല്ലത്. മറ്റൊന്ന് ന്യൂസിലന്റിനെ വീഴ്ത്തലാണ്. കിവീസിന് വിക്കറ്റിന് പുറത്ത് നിന്ന് ഉള്ളിലേക്ക് സ്വിംഗ് ചെയുന്ന പന്തുകള്‍ ദൗര്‍ബല്യമാണ്. മുഹമ്മദ് ആമിര്‍ ഗുപ്ടിലിനെ വീഴ്ത്തിയത് ഈ പന്തിലാണ്. മാര്‍ക് വുഡ് അത്തരം പന്തുകള്‍ എറിയാന്‍ മിടുക്കനാണ്. അത് ഇംഗ്ലണ്ടിന് ഗുണം ചെയ്താല്‍ സെമി കാണാന്‍ ടീമിന് സാധിക്കും.

സ്റ്റൈല്‍ മാറണം
ഇംഗ്ലണ്ടിന്റെ വണ്‍ ഡൈമന്‍ഷണല്‍ ഗെയിം ഇന്ത്യക്കെതിരെ മാറേണ്ടി വരും. എല്ലാ പന്തുകളും അടിച്ച് പറത്തുന്ന ശൈലി അവര്‍ക്ക് ഒരുപാട് ജയങ്ങള്‍ നേടിത്തന്നിട്ടുണ്ട്. പക്ഷേ ലോകകപ്പില്‍ അത് നടക്കില്ല. ശ്രീലങ്കയ്‌ക്കെതിരെ അവര്‍ക്ക് ജയിക്കാമായിരുന്നിട്ടും, തോല്‍വി വഴങ്ങിയത് ഈ കാരണം കൊണ്ടാണ്. ഓസ്‌ട്രേലിയക്കെതിരെയും ഇത് തന്നെ കാരണം. അതുകൊണ്ട് ആദ്യ മൂന്ന് പേര്‍ കഴിഞ്ഞാല്‍ പിന്നീടുള്ളവര്‍ ക്ഷമയോടെ കളിക്കാന്‍ തയ്യാറാവണം. മോര്‍ഗന്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ബൗളിംഗും ഫീല്‍ഡിംഗും കൂടുതല്‍ മെച്ചപ്പെടുത്തുകയും വേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications