നീണ്ട ഇടവേളയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് ഉണരുകയാണ്. ഈ മാസം വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം നടക്കും. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജൂലായ് 8 -ന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന് തുടക്കമാവും. കൊറോണ മഹമാരിയുടെ ആശങ്ക വിട്ടൊഴിയാത്ത പശ്ചാത്തലത്തില്‍ അതീവ സുരക്ഷാ മുന്‍കരുതലുകള്‍ കളത്തിനകത്തും പുറത്തും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ഇരു ടീമുകളുടെയും ബൗളിങ് നിര ശക്തമാണ്. ബാറ്റിങ് നിരയിലാണ് ആശങ്ക മുഴുവന്‍. വെസ്റ്റ് ഇന്‍ഡീസിന്റെ കാര്യമെടുത്താല്‍ കൊറോണ വ്യാപനം മുന്‍നിര്‍ത്തി ഷിമ്രോണ്‍ ഹെറ്റ്മയര്‍, ഡാരന്‍ ബ്രാവോ, കീമോ പോള്‍ എന്നിവര്‍ പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു.

ഇംഗ്ലണ്ട് ക്യാംപിലും ചിത്രം വ്യത്യസ്തമല്ല. ആദ്യ ടെസ്റ്റില്‍ നിന്നും ജോ റൂട്ട് പിന്‍മാറിക്കഴിഞ്ഞു. കുഞ്ഞ് പിറന്നതിനെ തുടര്‍ന്നാണ് നായകന്‍ റൂട്ടിന്റെ പിന്‍മാറ്റം. ഇക്കാരണത്താല്‍ ബെന്‍ സ്റ്റോക്ക്‌സായിരിക്കും ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുക. ജേസണ്‍ ഹോള്‍ഡറാണ് കരീബിയന്‍ ടീമിന്റെ ക്യാപ്റ്റന്‍. ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി 30 അംഗ പരിശീലന സ്‌ക്വാഡിനെയാണ് ഇംഗ്ലീഷ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ഇരു ടീമുകളുടെയും സ്‌ക്വാഡുകള്‍ ചുവടെ കാണാം.
ഇംഗ്ലണ്ട്:
മോയീന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജൊനാതന്‍ ബെയര്‍സ്റ്റോ, ഡൊമിനിക് ബെസ്, ജെയിംസ് ബ്രേയ്‌സി, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രോളി, സാം ക്യൂറന്‍, ജോ ഡെന്‍ലി, ബെന്‍ ഫോക്‌സ്, ല്യൂവിസ് ഗ്രിഗറി, കീറ്റണ്‍ ജെന്നിങ്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, സാക്കിബ് മഹമ്മൂദ്, ക്രെയ്ഗ് ഓവര്‍ടണ്‍, ജെയ്മി ഓവര്‍ടണ്‍, മാത്യൂ പാര്‍ക്കിന്‍സണ്‍, ഓലീ പോപ്, ഓലീ റോബിന്‍സണ്‍, ജോ റൂട്ട്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്ക്‌സ്, ഓലി സ്‌റ്റോണ്‍, അമര്‍ വിര്‍ദി, ക്രിസ് വോക്ക്‌സ്, മാര്‍ക്ക് വുഡ്.
വെസ്റ്റ് ഇന്‍ഡീസ്:
ജേസണ്‍ ഹോള്‍ഡര്‍ (നായകന്‍), ജെറമി ബ്ലാക്ക്‌വുഡ്, ക്രുമാ ബോണര്‍, ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്, ഷമാര്‍ ബ്രൂക്ക്‌സ്, ജോണ്‍ കാമ്പെല്‍, റോസ്റ്റണ്‍ ചേസ്, റക്കീം കോണ്‍വാള്‍, ഷെയ്ന്‍ ഡൗറിച്ച് (വിക്കറ്റ് കീപ്പര്‍), ചെമാര്‍ ഹോള്‍ഡര്‍, ഷായി ഹോപ്പ്, അല്‍സാരി ജോസഫ്, റെയ്മണ്‍ റെയ്ഫര്‍, കെമാര്‍ റോച്ച്.
മത്സരക്രമം
ആദ്യ ടെസ്റ്റ് (സൗതാംപ്ടണ്‍): ജൂലായ് 8 മുതല്‍ 12 വരെ (ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതല്‍)
രണ്ടാം ടെസ്റ്റ് (മാഞ്ചസ്റ്റര്‍): ജൂലായ് 16 മുതല്‍ 20 വരെ (ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതല്‍)
മൂന്നാം ടെസ്റ്റ് (മാഞ്ചസ്റ്റര്‍): ജൂലായ് 24 മുതല്‍ 28 വരെ (ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതല്‍)
തത്സമയ സംപ്രേക്ഷണം
ഇന്ത്യയില്‍ സോണി നെറ്റ്‌വര്‍ക്ക് ചാനലുകള്‍ ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര തത്സമയം സംപ്രേക്ഷണം ചെയ്യും. സോണിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ സോണിലൈവ് (SonyLiv) ആപ്പ് മുഖേനയും മത്സരങ്ങള്‍ തത്സമയം കാണാം. ഇംഗ്ലണ്ടില്‍ സ്‌കൈ സ്‌പോര്‍ട്‌സ് ചാനലാണ് മത്സരം ടിവി സ്‌ക്രീനിലെത്തിക്കുക.