ലീഡ്‌സ്: ലോര്‍ഡ്‌സില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താനു മുന്നില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ തിരിച്ചടിക്കുന്നു. ലീഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ പാകിസ്താനെ 174 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ആതിഥേയര്‍ക്ക് ബാറ്റിങിലും മികച്ച തുടക്കം. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 106 റണ്‍സെന്ന മികച്ച നിലയിലാണ് ഇംഗ്ലണ്ട്. എട്ട് വിക്കറ്റ് ശേഷിക്കെ പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 68 റണ്‍സ് കൂടി മതി.
29 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ഡൊമിനിക്ക് ബെസ്സുമാണ് ക്രീസില്‍. അലെസ്റ്റര്‍ കുക്ക് (46), കിയേറ്റന്‍ ജെന്നിങ്‌സ് (29) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. ഹസന്‍ അലി, ഫഹീം അഷ്‌റഫ് എന്നിവര്‍ക്കാണ് വിക്കറ്റ്.

നേരത്തെ, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സുമാണ് പാകിസ്താന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. അരങ്ങേറ്റക്കാരന്‍ സാം ഖുറന്‍ ഒരു വിക്കറ്റ് നേടി. 52 പന്തില്‍ 10 ബൗണ്ടറിയോടെ 56 റണ്‍സെടുത്ത ഷാദാബ് ഖാനാണ് ഒന്നാമിന്നിങ്‌സില്‍ പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. ഹാരിസ് സൊഹൈല്‍ (28), അസാദ് ഷഫീഖ് (27), ഹസന്‍ അലി (24) എന്നിവരാണ് പാകിസ്താന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍.