ലണ്ടന്‍: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് 184 റണ്‍സിന് പുറത്ത്. പാക് പേസര്‍മാരായ മുഹമ്മദ് അബ്ബാസിന്റേയും ഹസന്‍ അലിയുടെയും മിന്നുന്ന ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി സംഹാര താണ്ഡവമാടിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ഓപണര്‍ അലെസ്റ്റര്‍ കുക്കിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായാത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടു്തത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ തീരുമാനം പാളുകയായിരുന്നു.

ഒറ്റയാള്‍ പോരാട്ടത്തിലൂടെ 70 റണ്‍സെടുത്താണ് കുക്ക് ഇംഗ്ലണ്ടിനെ നാണംകെട്ട തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. കുക്കിനു പുറമേ ബെന്‍ സ്റ്റോക്‌സ് (38), ജോണി ബെയര്‍സ്‌റ്റോവ് (27), ജോസ് ബട്‌ലര്‍ (14) എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. 148 പന്തില്‍ 14 ബൗണ്ടറിയടിച്ചാണ് കുക്ക് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്.
14 ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് അബ്ബാസ് നാല് വിക്കറ്റുകള്‍ കടപുഴക്കിയത്. 15.2 ഓവറില്‍ 51 റണ്‍സ് വിട്ടുനല്‍കിയാണ് ഹസന്‍ അലി നാല് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ പവലിയനിലേക്ക് മടക്കിയത്. മുഹമ്മദ് ആമിര്‍, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങില്‍ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ് പാകിസ്താന്‍. നാല് റണ്‍സെടുത്ത ഇമാമുല്‍ ഹഖിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഹഖിനെ സ്റ്റുവര്‍ട്ട് ബ്രോഡ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. കളിനിര്‍ത്തുമ്പോള്‍ അസ്ഹര്‍ അലിയും (18*) ഹാരിസ് സൊഹൈലുമാണ് (21*) ക്രീസില്‍. ഒമ്പത് വിക്കറ്റ് ബാക്കിനില്‍ക്കേ ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ പാകിസ്താന് 134 റണ്‍സ് കൂടി വേണം.