ലോര്‍ഡ്‌സ്: ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. അവസാന ദിനം ആതിഥേയരായ ഇംഗ്ലണ്ടിന് മുന്നില്‍ 273 റണ്‍സ് വിജയലക്ഷ്യം ന്യൂസീലന്‍ഡ് ഉയര്‍ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 170 റണ്‍സെടുത്ത് നില്‍ക്കെ സമനില പങ്കിടുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം ദിനം മഴമൂലം നഷ്ടപ്പെട്ടതാണ് മത്സരം സമനിലയാവാന്‍ പ്രധാന കാരണം. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ ഇരട്ട സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വെയാണ് കളിയിലെ താരം. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
അവസാന ദിനം അതിവേഗം റണ്‍സുയര്‍ത്തി ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആക്രമണശൈലിയിലേക്ക് കിവീസ് നിര പോയില്ല. 52.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്ന നിലയില്‍ കിവീസ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടോം ലാദം(36), റോസ് ടെയ്‌ലര്‍ (33), ഹെന്റി നിക്കോള്‍സ് (23) എന്നിവരാണ് ന്യൂസീലന്‍ഡിന്റെ പ്രധാന സ്‌കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി ഒലി റോബിന്‍സന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക്ക് വുഡ്, ജോ റൂട്ട് എന്നിവര്‍ ഓേേരാ വിക്കറ്റും വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ജോഫ്രാ ആര്‍ച്ചറുടെ അഭാവം ഇംഗ്ലണ്ട് നിരയിലുണ്ട്. മത്സരത്തിലുടനീളം സന്ദര്‍ശകരായ ന്യൂസീലന്‍ഡാണ് ആധിപത്യം പുലര്‍ത്തിയത്.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 70 ഓവറിന് മുകളില്‍ ബാറ്റ് ചെയ്യാന്‍ ലഭിച്ചെങ്കിലും വിജയത്തിലേക്ക് അവര്‍ ബാറ്റുവീശാന്‍ ശ്രമിച്ചില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമാണ് നേടിയത്. പ്രതിരോധ ബാറ്റിങ്ങാണ് ആതിഥേയര്‍ കാഴ്ചവെച്ചത്. ഡോം സിബ്ലി (207 പന്തില്‍ 60*), ക്യാപ്റ്റന്‍ ജോ റൂട്ട് (40), റോറി ബേണ്‍സ് (25), ഒലി പോപ്പ് (20) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍. ന്യൂസീലന്‍ഡിനായി നെയ്ല്‍ വാഗ്നര്‍ രണ്ടും ടിം സൗത്തി ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് അരങ്ങേറ്റക്കാരന്‍ ഡെവോണ്‍ കോണ്‍വെയുടെ (200) പ്രകടനത്തിന്റെ കരുത്തിലാണ് ഒന്നാം ഇന്നിങ്‌സില്‍ 378 റണ്‍സ് നേടിയത്. ഹെന്‍ റി നിക്കോള്‍സ് (61), നെയ്ല്‍ വാഗ്നര്‍ എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ഒലി റോബിന്‍സന്‍ നാലും മാര്‍ക്ക് വുഡ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 275 റണ്‍സില്‍ അവസാനിച്ചിരുന്നു.