കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. അര്‍ധ സെഞ്ച്വറിയോടെ ഒലി പോപ്പും (56) ജെയിംസ് ആന്‍ഡേഴ്‌സണുമാണ് (3) ക്രീസില്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സെത്തുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി.
സാക്ക് ക്രാവ്‌ലിയെ (4) ഫിലാണ്ടറാണ് പുറത്താക്കിയത്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടി .ജോ ഡെന്‍ലി (38), ക്യാപ്റ്റന്‍ ജോ റൂട്ട് (35), ഡോം സിബ്ലി (34), ബെന്‍ സ്‌റ്റോക്‌സ് (47) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ജോസ് ബട്‌ലര്‍ 29 റണ്‍സെടുത്ത് പുറത്തായി. ഓള്‍റൗണ്ടര്‍ സാം കറാനും (9) പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

വാലറ്റത്ത് ആന്‍ഡേഴ്‌സണെ കൂട്ടുപിടിച്ച് പോപ്പ് നടത്തുന്ന കൂട്ടുകെട്ടിലാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ. ടെസ്റ്റില്‍ 81 റണ്‍സ് ഉയര്‍ന്ന സ്‌കോറുള്ള താരമാണ് ആന്‍ഡേഴ്‌സണ്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വെര്‍ണോന്‍ ഫിലാണ്ടര്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അഭിമാനം തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ടിനും ജയം അനിവാര്യമാണ്.