ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. ഗ്രൂപ്പ് സിയിലെ ഏകപക്ഷീയമായ മല്‍സരത്തില്‍ ഇംഗ്ലണ്ട് 282 റണ്‍സിനു കാനഡയെ നാണംകെടുത്തുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ നടന്ന ത്രില്ലറില്‍ ചെറുടീമുകള്‍ തമ്മിലുള്ള ത്രില്ലറില്‍ അയര്‍ലന്‍ഡ് നാലു റണ്‍സിന് അഫ്ഗാനിസ്താനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് എയില്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ് 222 റണ്‍സിന് കെനിയയെ മുക്കിക്കളഞ്ഞു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് 71 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ടു.

കാനഡയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 383 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ ലിയാം ബാങ്ക്‌സിന്റെയും (120) വില്‍ ജാക്‌സിന്റെയും (102) സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മറുപടിയില്‍ 31.5 ഓവറില്‍ വെറും 101 റണ്‍സിന് കാനഡ പുറത്തായി.

ഗ്രൂപ്പ് ഡിയിലെ അഫ്ഗാന്‍-അയര്‍ലന്‍ഡ് പോരാട്ടം ഒരു ട്വന്റി മല്‍സരം പോലെ തന്നെ ആവേശകരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് 225 റണ്‍സിലൊതുക്കാന്‍ അഫ്ഗാന് സാധിച്ചു. മറുപടിയില്‍ അയര്‍ലന്‍ഡ് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുതതോടെ മല്‍സരം ശരിക്കുമൊരു ത്രില്ലറായി മാറി. ഒരു വിക്കറ്റ് ശേഷിക്കെ അഫ്ഗാന് ജയിക്കാന്‍ അവസാന ഓവറില്‍ വേണ്ടിയിരുന്നത് ഏഴു റണ്‍സായിരുന്നു. എന്നാല്‍ രണ്ടാമത്തെ പന്തില്‍ അവസാന വിക്കറ്റ് പിഴുത് അയര്‍ലന്‍ഡ് ത്രസിപ്പിക്കുന്ന ജയം കരസ്ഥമാക്കി.