ഒന്നാം ടെസ്റ്റ്: പിടിമുറുക്കി പാകിസ്താന്‍, ഇംഗ്ലണ്ടിനു നാലു വിക്കറ്റ് നഷ്ടം

1
46762

മാഞ്ചസ്റ്റര്‍: പാകിസ്താനെതാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പതറുന്നു. പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 326 റണ്‍സിന് മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 92 റണ്‍സെന്ന നിലയിലാണ്. ഓലി പോപ്പും (46*) ജോസ് ബട്‌ലറുമാണ് (15*) ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (4), ഡൊമിനിക്ക് സിബ്ലി (8), മിന്നുന്ന ഫോമിലുള്ള ബെന്‍ സ്‌റ്റോക്‌സ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (14) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്. ആറു വിക്കറ്റ് ശേഷിക്കെ പാകിസ്താനൊപ്പമെത്താന്‍ അവര്‍ക്കു 234 റണ്‍സ് കൂടി വേണം. രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീന്‍ അഫ്രീഡിയും യാസിര്‍ ഷായുമാണ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഓപ്പണര്‍ ഷാന്‍ മസൂദിന്റെ (156) തകര്‍പ്പന്‍ സെഞ്ച്വറിയാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്. 319 പന്തുകള്‍ നേരിട്ട മസൂദിന്റെ ഇന്നിങ്‌സില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ബാബര്‍ ആസം (69), ഷതാബ് ഖാന്‍ (45), ആബിദ് അലി (16) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേരത്തേ രണ്ടിന് 139 റണ്‍സെന്ന നിലയില്‍ ഇന്നു കളി പുനരാരംഭിച്ച പാകിസ്താന് ആദ്യ ഓവറിലെ അവസാന പന്തില്‍ മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ബാബര്‍ ആസമിന്റെ വിക്കറ്റ് നഷ്ടമായി. 106 പന്തില്‍ 11 ബൗണ്ടറികളോടെ 69 റണ്‍സെടുത്ത ബാബറിനെ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പിടികൂടുകയായിരുന്നു. ആസാദ് ഷെഫീഖാണ് (7) നാലാമതായി പുറത്തായത്.

22 പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സെടുത്ത ഷഫീഖിന്റെ വിക്കറ്റ് സ്റ്റുവര്‍ട്ട് ബ്രോഡിനാണ്. ബെന്‍ സ്റ്റാക്‌സാണ് ക്യാച്ചെടുത്തത്. ടീം സ്‌കോര്‍ 150ല്‍ വച്ചായിരുന്നു ഷഫീഖ് മടങ്ങിയത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനായിരുന്നു പുറത്തായ അഞ്ചാമത്തെയാള്‍. 41 പന്തുകള്‍ നേരിട്ട് വെറും ഒമ്പത് റണ്‍സെടുത്ത റിസ്വാന്റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത് ക്രിസ് വോക്‌സാണ്. ജോസ് ബട്‌ലര്‍ താരത്തെ പിടികൂടുകയായിരുന്നു.

ആറാം വിക്കറ്റില്‍ മസൂദ്-ഷതാബ് സഖ്യം 105 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഫിഫ്റ്റിക്കു അഞ്ചു റണ്‍സകലെ ഷതാബിനെ പുറത്താക്കി ഡോം ബെസ്സാണ് കൂട്ടുകെട്ട് തകര്‍ത്തത്. 76 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പിന്നീട് ഒരു കൂട്ടുകെട്ടിനെയും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇംഗ്ലണ്ട് അനുവദിച്ചില്ല. 45 റണ്‍സിനിടെ പാകിസ്താന്റെ ശേഷിച്ച നാലു വിക്കറ്റുകളും വീണു. മൂന്നു വിക്കറ്റ് വീതമെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡും ജോഫ്ര ആര്‍ച്ചറുമാണ് ഇംഗ്ലീഷ് ബൗളിങില്‍ മികച്ചുനിന്നത്. ക്രിസ് വോക്‌സിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ഒന്നാം ദിനം മഴയെ തുടര്‍ന്നു 49 ഓവര്‍ മാത്രമേ കളി നടന്നിരുന്നുള്ളൂ. സ്റ്റംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ രണ്ടു വിക്കറ്റിന് 139 റണ്‍സെന്ന നിലയിലായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റുകള്‍ തുടര്‍ച്ചയായ ഇടവേളകളില്‍ നഷ്ടമായതോടെ പതറിയ പാകിസ്താനെ ഈ ജോടി കരകയറ്റുകയായിരുന്നു. ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് എല്ലാ അടവും പയറ്റിയെങ്കിലും ഫലമുണ്ടായില്ല. ടോസിനു ശേഷം പാക് നായകന്‍ അലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ മസൂദ്-ആബിദ് അലി സഖ്യം 36 റണ്‍സ് നേടിയിരുന്നു. ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ആബിദിനെ ആര്‍ച്ചര്‍ ബൗള്‍ഡാക്കുകയായിരുന്നു. നായകന്‍ അലിയും വൈകാതെ മടങ്ങി. ആറു പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ നിന്ന അലിയെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കി (പാകിസ്താന്‍ രണ്ടിന് 43).

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ഷാന്‍ മസൂദ്, ആബിദ് അലി, അസ്ഹര്‍ അലി (ക്യാപ്റ്റന്‍), ബാബര്‍ ആസം, ആസാദ് ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, യാസിര്‍ ഷാ, മുഹമ്മദ് അബ്ബാസ്, ഷഹീന്‍ ഷാ അഫ്രീഡി, നസീം ഷാ.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഡൊമിനിക്ക് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, August 6, 2020, 15:12 [IST]
Other articles published on Aug 6, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X