പൂനെ: ഇന്ത്യയുടെ സ്ഥിരം ഏകദിന ക്യാപ്റ്റനായുള്ള വിരാട് കോലിയുടെ അരങ്ങേറ്റം കടുപ്പമേറിയതായി. ഇന്ത്യക്കെതിരേയുള്ള ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് റണ്‍സാണ് ഇംഗ്ലണ്ട് വാരിക്കൂട്ടിയത്. ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ടോസ് ലഭിച്ച കോലി ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. എന്നാല്‍ കോലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ കത്തിക്കയറി.

ജോ റൂട്ട് (78), ജാസണ്‍ റോയ് (73), ബെന്‍ സ്‌റ്റോക്‌സ് (62) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോറിലെത്തിച്ചത്. റോയ് 61 പന്തില്‍ 12 ബൗണ്ടറികളും റൂട്ട് 95 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും സ്റ്റോക്‌സ് 40 പന്തില്‍ രണ്ടു ബൗണ്ടറിയും അഞ്ചു സിക്‌സറും പറത്തി. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്ത്യക്കായി രണ്ടു വിക്കറ്റ് വീഴ്ത്തി.
വെറ്ററന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ ഉള്‍പ്പെടുത്തിയ കോലി സ്റ്റാര്‍ ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെയെ ഒഴിവാക്കിയാണ് ആദ്യ ഇലവനെ തിരഞ്ഞെടുത്തത്. രഹാനെയ്ക്ക് പുറമേ മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര എന്നിവരും തിരഞ്ഞെടുക്കപ്പെട്ടില്ല. മധ്യനിരയില്‍ ഓള്‍റൗണ്ടര്‍മാരായ ഹര്‍ദീക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരെയാണ് കോലി ഉള്‍ക്കൊള്ളിച്ചത്.