ലണ്ടന്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ജൂണ്‍ രണ്ടിന് ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടി. ടീമിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിന് പരിക്കിനെത്തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നിരിക്കുകയാണ്. 2021ന്റെ തുടക്കം മുതല്‍ പരിക്ക് വേട്ടയാടുന്നത് ആര്‍ച്ചറെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തില്‍ പോകുന്ന താരത്തിന് ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ സാധിച്ചേക്കും. നിലവില്‍ എത്രമാസം വിശ്രമം വേണ്ടിവരുമെന്ന് വ്യക്തമല്ല. തുടര്‍ച്ചയായി അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നത് ടി20 ലോകകപ്പിലും ഇംഗ്ലണ്ടിന്റെ ആശങ്ക ഉയര്‍ത്തുന്നു.
നാല് മത്സര ടെസ്റ്റും അഞ്ച് മത്സര ടി20യും മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമായി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് സംഘത്തില്‍ ആര്‍ച്ചറുമുണ്ടായിരുന്നു. കൈമുട്ട് വേദന പ്രശ്‌നമായതിനെത്തുടര്‍ന്ന് ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമായിരുന്നു.ഇതിന് ശേഷം അദ്ദേഹം ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ വീട്ടില്‍വെച്ച് വീണ് പരിക്കേറ്റതിന് പിന്നാലെയാണ് ആര്‍ച്ചറിനെ പരിക്ക് ബുദ്ധിമുട്ടിക്കാന്‍ ആരംഭിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ആര്‍ച്ചര്‍ സക്‌സസിനുവേണ്ടി ഒരു മത്സരം പൂര്‍ത്തിയാക്കവെ പരിക്ക് പിടികൂടുകയായിരുന്നു. ആര്‍ച്ചറിന്റെ പരിക്ക് ദീര്‍ഘ കാലത്തേക്ക് ബാധിക്കുന്നതല്ലെന്നും അവന് ഇനിയും ഏറെ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നും ഇംഗ്ലണ്ട് ബൗളിങ് പരിശീലകന്‍ ജോണ്‍ ലെവിസ് പറഞ്ഞു. ഇതൊരു ചെറിയ വിശ്രമ കാലയളവ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ സെപ്തംബറില്‍ പുനരാരംഭിച്ചാല്‍ ആര്‍ച്ചര്‍ പങ്കെടുക്കുന്ന കാര്യം സംശയമാണ്. ടി20 ലോകകപ്പ് നടക്കുമെന്നുറപ്പായാല്‍ കൂടുതല്‍ മത്സരങ്ങള്‍ നല്‍കി ആര്‍ച്ചറിന് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാന്‍ ഇംഗ്ലണ്ട് ടീം തീരുമാനിച്ചാല്‍ ഐപിഎല്ലില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കും. എങ്കിലത് രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാവും.
ആഷസ് ടെസ്റ്റിന്റെ ഷെഡ്യൂളും പ്രഖ്യാപിച്ചതിനാല്‍ ആര്‍ച്ചര്‍ വേഗത്തില്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തെണ്ടതുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നീ സീനിയര്‍ പേസര്‍മാരോടൊപ്പം ജോഫ്രാ ആര്‍ച്ചറും ഇംഗ്ലണ്ടിന്റെ പ്രധാന പേസറാണ്. ഡിസംബറിലാണ് ആഷസ് പരമ്പര തീരുമാനിച്ചിരിക്കുന്നത്. 13 ടെസ്റ്റില്‍ നിന്ന് 42 വിക്കറ്റും 17 ഏകദിനത്തില്‍ നിന്ന് 30 വിക്കറ്റും 12 ടി20യില്‍ നിന്ന് 14 വിക്കറ്റും ആര്‍ച്ചറുടെ പേരിലുണ്ട്.