നോട്ടിങ്ഹാം: ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ ഏകദിന പരമ്പര കളിക്കാനെത്തിയ പാക്കിസ്ഥാന് വീണ്ടും നിരാശ. പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ട് 3 വിക്കറ്റിനാണ് പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. നിശ്ചിത 50 ഓവറില്‍ പക്കിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തപ്പോള്‍ 49.3 ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം നഷ്ടമായപ്പോള്‍ പിന്നീട് മൂന്ന് കളികളിലും ജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. അഞ്ചാം മത്സരം ഞായറാഴ്ച നടക്കും.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വലിയ സ്‌കോറാണ് ഇരു ടീമുകളും നേടിയത്. ഓപ്പണര്‍ ഇമാമുല്‍ ഹഖിനെ തുടക്കത്തില്‍തന്നെ പരിക്കുമൂലം നഷ്ടമായെങ്കിലും ഫഖര്‍ സമാന്‍(57), ബാബര്‍ അസം(115) എന്നിവര്‍ നല്‍കിയ മികച്ച തുടക്കം പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു. മുഹമ്മദ് ഹഫീസ്(59), ഷൊയബ് മാലിക്(41) എന്നിവര്‍ക്കാപ്പം വാലറ്റത്ത് ആസിഫ് അലി(17), ഇമാദ് വസീം(12), സര്‍ഫ്രാസ് അഹമ്മദ്(21) എന്നിവരും മികച്ചുനിന്നു. ഇംഗ്ലണ്ടിനായി ടോം കറന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക വുഡ്ഡ് 2 വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ ഒരിക്കല്‍ക്കൂടി തിളങ്ങി. ബെയര്‍സ്റ്റോവിന് വിശ്രമം നല്‍കി കളിക്കിറങ്ങിയ ഇംഗ്ലണ്ടിനായി ജേസണ്‍ റോയ്(114) ജെയിംസ് വിന്‍സി(43) എന്നിവര്‍ ഗംഭീര തുടക്കമാണ് നല്‍കിയത്. ജോയ് റൂട്ട്(36), ബെന്‍ സ്‌റ്റോക്‌സ്(71), ജോയ് ഡെന്‍ലി(17), ടോം കറന്‍(31) എന്നിവരും പിന്തുണ നല്‍കിയതോടെ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. പാക്കിസ്ഥാനുവേണ്ടി ഇമാദ് വസീമും മുഹമ്മദ് ഹസ്‌നെയ്‌നും രണ്ട് വുക്കറ്റുകള്‍വീതം വീഴ്ത്തി.