ആറില്‍ രണ്ടിലും തോറ്റു, ഇംഗ്ലണ്ടിനെ ഇനി പേടിക്കണോ? ഓസീസ് കോച്ച് പറഞ്ഞത് എല്ലാവര്‍ക്കും മുന്നറിയിപ്പ്
ലണ്ടന്‍: ടൂര്‍ണമെന്റിന് മുമ്പ് ഈ ലോകകപ്പില്‍ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ടീം ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇംഗ്ലീഷ് ടീം കാഴ്ചവയ്ക്കുന്ന തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു ഇതിനു കാരണം. ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചതും ഇതു തന്നെയായിരുന്നു. എന്നാല്‍ ലോകകപ്പ് പാതിവഴി പിന്നിട്ടപ്പോള്‍ ഫേവറിറ്റുകളെന്ന വിശേഷണത്തോടു പൂര്‍ണമായും നീതി പുലര്‍ത്താന്‍ ഇംഗ്ലണ്ടിനായിട്ടില്ല.
ആറു മല്‍സരങ്ങളില്‍ കളിച്ച ആതിഥേയര്‍ നാലെണ്ണത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും ദുര്‍ബലരായ എതിരാളികളായിരുന്ന പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരേയായിരുന്നു പരാജയമെന്നതാണ് ശ്രദ്ധേയം. എങ്കിലും പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടിനെ തള്ളിപ്പറയാന്‍ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങര്‍ തയ്യാറല്ല. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ മികച്ച ടീം
ഇംഗ്ലണ്ട് ടീമിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ലാങര്‍ക്കുള്ളത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുള്ള ഇംഗ്ലണ്ടിന്റെ പ്രകടനം നോക്കൂ. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീം തന്നെയാണ് അവരെന്ന് ലാങര്‍ വ്യക്തമാക്കി.
ഇംഗ്ലീഷ് ടീമിലേക്കു നോക്കൂ. ഒരാഴ്ച കൊണ്ട് ഒന്നും മാറിയിട്ടില്ലെന്നും ഓസീസ് കോച്ച് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെ സംബന്ധിച്ച് സെമി സാധ്യത നിലനിര്‍ത്താന്‍ ഓസീസിനെതിരേ ജയം അനിവാര്യമാണ്.

മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ
നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ലോകകപ്പില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച അവര്‍ക്ക് ഒന്നില്‍ മാത്രമേ തോല്‍വി നേരിട്ടിട്ടുള്ളൂ. ഇന്ത്യക്കെതിരേയായിരുന്നു കംഗാരുപ്പടയുടെ ഏക പരാജയം. 10 പോയിന്റുമായി പട്ടികയില്‍ രണ്ടാമതുണ്ട് ഓസീസ്.
ടൂര്‍ണമെന്റില്‍ ഇതിനകം മികച്ച ചില മല്‍സരങ്ങള്‍ ഓസീസ് കളിച്ചു കഴിഞ്ഞു. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ലാങര്‍ വിശദമാക്കി.

വാര്‍ണറും ഫിഞ്ചും
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടെയും നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും പ്രകടനത്തെ ലാങര്‍ പുകഴ്ത്തി. വലിയ സെഞ്ച്വറികളുമായി ഇരുവരും ടീമിനെ മുന്നില്‍ നിന്നു നയിക്കുകയാണ്. ഇംഗ്ലണ്ടും ഇതു തന്നെയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരുന്നത്.
ഓപ്പണര്‍മാര്‍ മാത്രമല്ല, മധ്യനിരയിലും ഓസീസ് താരങ്ങളുടെ പ്രകടനം ശ്രദ്ധേയമാണ്. വ്യത്യസ്ത സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ ടീമിന് കഴിയുന്നുണ്ട്. ഇത് ടീമിന്റെ കഴിവ് തന്നെയാണെന്നും ഓസീസ് കോച്ച് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications