സതാംപ്റ്റണ്‍: പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്‌സില്‍ 273 റണ്‍സിന് പാകിസ്താനെ പുറത്താക്കിയ ഇംഗ്ലണ്ട് 310 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ മികവാണ് പാകിസ്താനെ തകര്‍ത്തത്. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്‌സ്,ഡോം ബെസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
പാകിസ്താന്‍ നിരയില്‍ നായകന്‍ അസര്‍ അലി (141*),മുഹമ്മദ് റിസ്വാന്‍ (53) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. അസര്‍ 272 പന്തുകള്‍ നേരിട്ട് 21 ബൗണ്ടറി നേടിയപ്പോള്‍ 113 പന്തില്‍ 5 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് റിസ്വാന്റെ പ്രകടനം. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 138 റണ്‍സാണ് പാകിസ്താന്‍ സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 583 റണ്‍സ് നേടിയിരുന്നു.

മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന് അസര്‍ അലിയുടേയും റിസ്വാന്റെയും ചെറുത്ത് നില്‍പ്പ് മാത്രമെ ആശ്വസിക്കാനുണ്ടായിരുന്നുള്ളു. റിസ്വാനെ മടക്കി ക്രിസ് വോക്‌സാണ് കൂട്ടുകെട്ട് പൊളിച്ചത്. വാലറ്റം അതിവേഗം മടങ്ങിയതും പാകിസ്താന് തിരിച്ചടിയായി. ആസാദ് ഷഫീഖ് (5),ഫവാദ് അലം (21),യാസിര്‍ ഷാ (20),ഷഹിന്‍ ഷാ അഫ്രീദി (3),മുഹമ്മദ് അബ്ബാസ് (1),നസീം ഷാ (0),മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം പാകിസ്താന് നഷ്ടമായത്.
രണ്ടാം ദിനം മൂന്ന് മുന്‍നിര വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡില്‍ 6 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഷാന്‍ മസൂദിനെ (4) ജെയിംസ് ആന്‍ഡേഴ്സണ്‍ എല്‍ബിയില്‍ കുടുക്കി. അധികം വൈകാതെ മറ്റൊരു ഓപ്പണറായ ആബിദ് അലിയെ (1) ആന്‍ഡേഴ്സണ്‍ സിബ്ലിയുടെ കൈകളിലെത്തിച്ചു. നൈറ്റ് വാച്ച്മാനെ ഇറക്കുന്നതിന് പകരം ബാബര്‍ അസാമിനെ ഇറക്കിയ പാക് തന്ത്രം പിഴച്ചു.
26 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 11 റണ്‍സ് നേടിയ ബാബറെ ആന്‍ഡേഴ്സണ്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. നായകന്‍ അസര്‍ അലി (4) ക്രീസിലുണ്ട്. രണ്ടാം ദിനത്തിന്റെ അവസാനം ബാബറിനെ നഷ്ടമായത് പാകിസ്താന് കടുത്ത തിരിച്ചടിയാവും. നായകന്‍ അസര്‍ അലിയിലാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ ടൂര്‍ണമെന്റിലുടെനീളം അത്ര മികച്ച പ്രകടനമായിരുന്നില്ല അസര്‍ കാഴ്ചവെച്ചത്. ആന്‍ഡേഴ്സണ്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്ര ആര്‍ച്ചര്‍ പേസ് ത്രയം മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനുവേണ്ടി കാഴ്ചവെക്കുന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 583 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കന്നി സെഞ്ച്വറിയെ ഇരട്ട സെഞ്ച്വറിയാക്കി മാറ്റിയ സാക്ക് ക്രൗളിയുടെയും (267) ജോസ് ബട്ലറുടേയും (152) പ്രകടനമാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്തായത്. ക്രൗളി 393 പന്തുകള്‍ നേരിട്ട് 34 ബൗണ്ടറിയും ഒരു സിക്സറും നേടിയപ്പോള്‍ ബട്ലര്‍ 311 പന്തുകള്‍ നേരിട്ട് 13 ഫോറും രണ്ട് സിക്സും നേടി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 359 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ക്രൗളിയെ മടക്കി ആസാദ് ഷെഫീക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. ക്രിസ് വോക്സ് (40),ജോ റൂട്ട് (29),ഡോം ബെസ്സ് (27) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുകയോ മത്സരം സമനിലയാവുകയോ ചെയ്താല്‍ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കും. മറിച്ച് പാകിസ്താന്‍ ജയിച്ചാല്‍ പരമ്പര 1-1 സമനിലയാവും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ മഴ കളിച്ച രണ്ടാം മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു