ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരെ പെര്‍ത്തില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഡി ആര്‍ എസ് ഇല്ലാത്തതായിരുന്നു ഇന്ത്യയുടെ പരാതിക്ക് കാരണം. ബ്രിസ്‌ബേനില്‍ നടന്ന രണ്ടാം മത്സരത്തിലാകട്ടെ, ഇല്ലാത്ത ഡി ആര്‍ എസ് ഇന്ത്യയെ രക്ഷിച്ചു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മയുടെ വിക്കറ്റിന്റെ രൂപത്തിലായിരുന്നു ഇന്ത്യയുടെ ഭാഗ്യം. ഈ ഭാഗ്യം പക്ഷേ മത്സരഫലം വന്നപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടായില്ല എന്നത് വേറെ കാര്യം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്‌സ് മുപ്പത്തിയൊന്നാം ഓവറിലെത്തിയപ്പോഴാണ് രോഹിത് ശര്‍മയ്ക്ക് ജീവന്‍ കിട്ടിയത്. ഫാസ്റ്റ് ബൗളര്‍ ജോവല്‍ പാരിസിന്റെ പന്ത് രോഹിത് ശര്‍മയുടെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന്റെ കൈകളിലെത്തി. എന്നാല്‍ അംപയര്‍ മൈക് മാര്‍ട്ടല്‍ ഔട്ട് നല്‍കിയില്ല. ആതിഥേയരായ ഓസ്‌ട്രേലിയയുടെ അംപയറാണ് മൈക് മാര്‍ട്ടല്‍.

89 റണ്‍സായിരുന്നു സംഭവം നടക്കുമ്പോള്‍ രോഹിത് ശര്‍മയുടെ സമ്പാദ്യം. ജീവന്‍ തിരിച്ചുകിട്ടിയ രോഹിത് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി തികച്ചു. 124 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് രോഹിത് ശര്‍മ ഔട്ടായത്. അജിന്‍ക്യ രഹാനെ കളിച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് ബൗളര്‍ ഫോക്‌നറുടെ കൈയില്‍ തട്ടി വിക്കറ്റിലേക്ക് കൊള്ളുകയായിരുന്നു. 127 പന്തില്‍ 11 ഫോറും 3 സിക്‌സും സഹിതമാണ് രോഹിത് 124 റണ്‍സെടുത്തത്.
പെര്‍ത്തിലെ ഒന്നാം ഏകദിനത്തില്‍ ഭാഗ്യം തുണച്ചത് ഓസ്‌ട്രേലിയയെ ആണ്. ബരീന്ദര്‍ സ്രാന്റെ പന്തില്‍ ബെയ്‌ലിയുടെ ക്യാച്ചെടുത്ത് ധോണി അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് കൊടുത്തതുമില്ല. സ്‌നിക്കോ മീറ്ററില്‍ കൃത്യമായി കാണാമായിരുന്നു ബെയ്‌ലി ഔട്ടാണ് എന്നത്. പന്ത് എവിടെയാണ് കൊണ്ടതെന്ന് തനിക്കറിയില്ലെന്നാണ് മത്സരശേഷം ബെയ്‌ലി പറഞ്ഞത്. അംപയറെ കുറ്റപ്പെടുത്തി ധോണി രംഗത്തെത്തിയിരുന്നു.