അനുകരണം ഇഷ്ടമല്ല, പക്ഷെ കോലിയെ ആരും അനുകരിച്ചുപോവും!! തുറന്നുപറഞ്ഞ് ഇംഗ്ലീഷ് താരം
ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി എതിര്‍ ടീം താരങ്ങളുടെ പോലും ആരാധനാപാത്രമാണ്. ഇംഗ്ലണ്ടിന്റെ യുവ ബാറ്റ്‌സ്മാന്‍ ഓലി പോപ്പാണ് ഇപ്പോള്‍ കോലിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ലയണ്‍സിനൊപ്പം ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴാണ് 20 കാരന്‍ കോലി തന്റെ പ്രിയപ്പെട്ട താരമാണ് തുറന്നു പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പോപ്പ് ടെസ്റ്റില്‍ അരങ്ങേറിയത്. ഏറെ പ്രധാനപ്പെട്ട മൂന്നാം നമ്പറില്‍ താരം ബാറ്റിങിന് ഇറങ്ങുകയും ചെയ്തിരുന്നു. അന്നത്തെ പരമ്പരയില്‍ കോലിയുടെ പ്രകടനം നേരില്‍ കണ്ടതോടെയാണ് തന്റെ ആരാധന വര്‍ധിച്ചതെന്നു പോപ്പ് വ്യക്തമാക്കി.

ഒരാളെയും അനുകരിക്കാറില്ല
ക്രിക്കറ്റില്‍ മറ്റൊരു കളിക്കാരനെയും അനുകരിക്കാന്‍ ഇഷ്ടമില്ലാത്ത താരമാണ് താനെന്നു പോപ്പ് വ്യക്തമാക്കി. ബാറ്റിങില്‍ സ്വന്തമായ ഒരു ശൈലി തന്നെ സൃഷ്ടിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്.
പക്ഷെ ഒരു താരത്തെ അനുകരിക്കാന്‍ മാത്രം തനിക്കു മടിയില്ല. വിരാട് കോലിയാണ് ആ കളിക്കാരനെന്നും പോപ്പ് തന്റെ ഹീറോയെക്കുറിച്ച് വാചാലനായി.

നോട്ടിങ്ഹാമിലെ പ്രകടനം
നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റില്‍ തങ്ങള്‍ക്കെതിരേ കോലി നടത്തിയ പ്രകടനത്തെ അതിഗംഭീരമെന്നാണ് പോപ്പ് വിശേഷിപ്പിച്ചത്. എന്തൊരു ബാറ്റിങായിരുന്നു അത്. അദ്ദേഹത്തിനെതിരേ കളിക്കുകയെന്നത് മഹത്തായ അനുഭവമായിരുന്നു. ക്രീസിന് പുറത്തേക്ക് ഇറങ്ങിനിന്ന് സ്വിങ് ബൗളിങിനെ നേരിടാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റം തന്നെ അമ്പരപ്പിച്ചു. ഉജ്ജ്വലമായാണ് അന്ന് അദ്ദേഹം ബാറ്റ് വീശിയത്. നോട്ടിങ്ഹാം ടെസ്റ്റില്‍ കോലിയുടെ ബാറ്റിങ് താന്‍ ഏറെ ആസ്വദിച്ചുവെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു.
നോട്ടിങ്ഹാം ടെസ്റ്റില്‍ കോലി 97ഉം 103ഉം റണ്‍സാണ് നേടിയത്. ഈ പ്രകടനം ഇന്ത്യക്കു മികച്ച ജയം നേടിക്കൊടുക്കുകയും ചെയ്തു. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയുടെ ഏകജയവും ഇതു തന്നെയായിരുന്നു.

കോലിയുടെ മികവ് തിരിച്ചറിഞ്ഞു
കോലി എത്രത്തോളം മഹാനായ താരമാണെന്ന് തിരിച്ചറിഞ്ഞത് തങ്ങള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിനുശേഷമാണെന്ന് പോപ്പ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട് പലതും പഠിക്കാന്‍ കഴിഞ്ഞു. പല ഷോട്ടുകളും താന്‍ അനുകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്കെതിരായ കരിയറിലെ കന്നി ടെസ്റ്റ് പരമ്പര ക്രിക്കറ്ററെന്ന നിലയില്‍ തന്നെ പലതു പഠിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications