സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പരിചയസമ്പന്നനായ സീനിയര്‍ വിക്കറ്റ് കീപ്പറാണ് ദിനേഷ് കാര്‍ത്തിക്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനും വിക്കറ്റിന് പിന്നില്‍ തിളങ്ങാനും കാര്‍ത്തികിന് മികവുണ്ടെങ്കിലും സ്ഥിരതയില്ലാത്തത് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ തിരിച്ചടിയായി. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് അദ്ദേഹം തഴയപ്പെട്ടു. ധോണി വിരമിച്ച ശേഷം ടെസ്റ്റിലും പരിമിത ഓവറിലും സ്ഥാനം ഉറപ്പിക്കാന്‍ കാര്‍ത്തിക് പരാജയപ്പെട്ടു.
നിലവില്‍ റിഷഭ് പന്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നതിനാലും നിരവധി യുവ വിക്കറ്റ് കീപ്പര്‍മാര്‍ അവസരത്തിനായി കാത്തിരിക്കുന്നതിനാലും കാര്‍ത്തികിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമല്ല. ഇപ്പോഴിതാ രാജ്യത്തിനായി ടി20 ലോകകപ്പില്‍ ഫിനിഷറായി കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. ഐപിഎല്ലില്‍ കെകെആര്‍ താരമായിരുന്ന കാര്‍ത്തിക് 2021 സീസണിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

'ഫിറ്റ്‌നസ് നോക്കാതെ പ്രായം നോക്കുന്നത് എന്തിനാണ്.ഫിറ്റ്‌നസ് ടെസ്റ്റിലൂടെ കടന്ന് പോയി വിജയിച്ചാല്‍ നിങ്ങള്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ യോഗ്യരാണെന്നാണ് അത് വ്യക്തമാക്കുന്നത്. ടി20 ലോകകപ്പില്‍ രാജ്യത്തിനായി കളിക്കുകയാണ് ലക്ഷ്യം.ഈ വര്‍ഷവും അടുത്ത വര്‍ഷവും ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിന്റെ ഭാഗമാവുന്നതിനായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. നേരത്തെ മികച്ച രീതിയില്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് അറിയാം. എന്നാല്‍ ലോകകപ്പില്‍ തിളങ്ങാനാവാതെ പോയത് ടി20യിലെയും സ്ഥാനം നഷ്ടപ്പെടുത്തി'-കാര്‍ത്തിക് പറഞ്ഞു.
റിഷഭ് പന്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ കീപ്പറാവുമെന്നതിനാല്‍ കാര്‍ത്തികിന് ഇനിയും അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.ഹര്‍ദിക് പാണ്ഡ്യ ഫിനിഷര്‍ റോളില്‍ നിലവിലുണ്ട്. ടീമിലെ ഏക പേസ് ഓള്‍റൗണ്ടറാണ് അദ്ദേഹം. ടി20യില്‍ മികച്ച റെക്കോഡുള്ള ഹര്‍ദിക്ക് ടീമില്‍ ഉള്ളപ്പോള്‍ കാര്‍ത്തികിന് ബാറ്റ്‌സ്മാനെന്ന നിലയില്‍ മധ്യനിരയിലേക്ക് എത്തുകയും എളുപ്പമല്ല. നിലവിലെ അദ്ദേഹത്തിന്റെ ഐപിഎല്ലിലെ പ്രകടനവും മോശമാണ്.
36കാരനായ കാര്‍ത്തിക് 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സുമാണ് ഇന്ത്യക്കായി നേടിയത്.ബംഗ്ലാദേശിനെതിരായ നിദാഹാസ് ട്രോഫി ഫൈനലില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ കാര്‍ത്തിക് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. 203 ഐപിഎല്ലില്‍ നിന്നായി 3946 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.