ധാക്ക: ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മിടുക്കനായ ബൗളറാണ് സുനില്‍ നരെയ്ന്‍ അറിയപ്പെടുന്നത്. ഏത് മികച്ച ബാറ്റ്‌സ്മാനെയും വട്ടം കറക്കാന്‍ പോന്നതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഈ മിടുക്കന്‍ സ്പിന്നറുടെ പന്തുകള്‍. ഐ പി എല്ലിലും ലോകകപ്പിലും പല തവണ ലോകം കണ്ടതാണ് നരെയ്‌ന്റെ സ്പിന്‍ മികവ്.
എന്നാല്‍ നരെയ്ന്‍ പറയുന്നത് ട്വന്റി 20 യില്‍ ബൗളിംഗ് അത്ര എളുപ്പമല്ല എന്നാണ്. ട്വന്റി 20 യില്‍ ബൗളിംഗ് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ആദ്യത്തെ ആറ് ഓവറില്‍. എന്നാല്‍ ചിലപ്പോള്‍ ക്യാപ്റ്റന്‍ നിങ്ങളെ വിശ്വസിച്ച് പന്ത് തന്നാല്‍ പിന്നെ മറ്റൊന്നും ചെയ്യാനില്ല.

ആത്മവിശ്വാസത്തോടെ ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എപ്പോഴാണ് വലിയ അടികള്‍ വരിക എന്ന് പറയാന്‍ പറ്റില്ല. മിസ് ഹിറ്റ് ആയാല്‍ പോലും റണ്‍സ് പോയെന്നിരിക്കും. വളരെ ലളിതമാണ് തന്റെ ബൗളിംഗ് ശൈലി എന്നാണ് നരെയ്ന്‍ സ്വയം പറയുന്നത്. എതിരാളികള്‍ പക്ഷേ അത് അംഗീകരിക്കില്ല എന്നത് വേറെ കാര്യം.
കഴിഞ്ഞ മൂന്ന് വര്‍ഷമായ ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാണ് സുനില്‍ നരെയ്ന്‍. ലെഗ് ബ്രേക്ക്, ഓഫ് ബ്രേക്ക്, ഗൂഗ്ലി, ഫഌപ്പര്‍ എന്നിങ്ങനെ സ്പിന്നറുടെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും നരെയ്‌ന് സ്വന്തമാണ്. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് നരെയ്ന്‍.