ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പുതിയ താരോദയമാണ് വൈഭവ് സൂര്യവംശി. രാജ്യത്ത് ക്രിക്കറ്റിൽ പല കാലത്തായി പല പ്രതിഭകൾ ഉയർന്നുവന്നിട്ടുണ്ട്. ഒരുപക്ഷേ നായക പരിവേഷം ചാർത്തികിട്ടിയ പലരും കരിയറിൽ എവിടെയും എത്താതെ പോയതും നമുക്ക് കാണാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിനോദ് കാംബ്ലി, പൃഥ്വി ഷാ തുടങ്ങിയവർ, വലിയ ഓളമുണ്ടാക്കി പ്രതിഭയ്ക്ക് ഒത്ത പ്രകടനം എടുക്കാൻ കഴിയാതെ പോയവർ ആണിവരൊക്കെ.
എന്നാൽ വൈഭവിന് പ്രായം വെറും പതിനാല് മാത്രമാണ്. പക്ഷേ, താരത്തിന്റെ പ്രകടനം കണ്ടാൽ ഒരിക്കലും ആരുമത് വിശ്വസിക്കില്ല. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് വൻ തുകയ്ക്ക് സൈൻ ചെയ്‌തതോടെയാണ് വൈഭവ് ക്രിക്കറ്റ് ആരാധകരുടെയും നിരീക്ഷകരുടെയും റഡാറിൽ വന്ന് പതിച്ചത്. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞുപോലും നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.

രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ച് ഐപിഎല്ലിൽ കളിച്ച താരം ഗുജറാത്ത് ടൈറ്റൻസിനെതിരെ കേവലം തന്റെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതോടെ വാർത്തകളിൽ ഇടം നേടി. വെറും 38 പന്തിൽ ഏഴ് ഫോറുകളും 11 സിക്‌സറുകളും സഹിതം 101 റൺസ് നേടിയ വൈഭവ് അന്ന് ഒരുപാട് റെക്കോർഡുകളും തന്റെ പേരിലാക്കിയിരുന്നു. പിന്നീട് ഇന്ത്യൻ യുവനിരയ്ക്ക് വേണ്ടിയും താരം മികച്ച പ്രകടനം പുറത്തെടുത്തു.
ഇപ്പോഴിതാ വൈഭവിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. താരത്തിന്റെ മികവ് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു അമ്പാട്ടി റായിഡു സംസാരിച്ചത്. ഐപിഎല്ലിലും ദേശീയ ടീമിന് വേണ്ടിയും ഇത്ര ചെറുപ്പത്തിൽ തന്നെ മികവ് തെളിയിച്ച താരത്തെ അഭിനന്ദങ്ങൾ കൊണ്ട് മൂടുകയാണ് റായിഡു ചെയ്‌തത്.
വെസ്‌റ്റ് ഇൻഡീസ് ഇതിഹാസ നായകൻ ബ്രയാൻ ലാറയുമായി സംസാരിച്ചാൽ യുവതാരത്തിന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നും റായുഡു അഭിപ്രായപ്പെട്ടു. താരത്തിന് ഇതിലും ഉയരങ്ങളിലേക്ക് എത്താൻ കഴിയുമെന്നും റായിഡു അഭിപ്രായപ്പെട്ടു. എന്നാൽ ഒരുപാട് ഉപദേശങ്ങൾ താരത്തിന് കൊടുക്കാൻ നിൽക്കരുതെന്നാണ് റായിഡു പറയുന്നത്.
ഒരു പോഡ്‌കാസ്‌റ്റിൽ സംസാരിക്കുന്നതിന് ഇടയിലായിരുന്നു താരത്തിന്റെ പ്രതികരണം. അവന്റെ ബാറ്റ് വേഗത അസാധാരണമാണ്. ആരും അത് മാറ്റില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവൻ മെച്ചപ്പെടണം. ലാറയെപ്പോലുള്ള ഒരാൾ അതിന് വേണം... ഒരുപക്ഷേ അദ്ദേഹത്തോട് പോയി സംസാരിക്കാം. അദ്ദേഹത്തിനും സമാനമായ ഒരു ബാറ്റ് ലിഫ്റ്റായിരുന്നു; റായിഡു പറഞ്ഞു.
ലാറയിൽ നിന്ന് പ്രതിരോധത്തിലായിരിക്കുമ്പോഴും സോഫ്റ്റ് ഹാൻഡ്‌സ് കൊണ്ട് കളിക്കുമ്പോഴും ബാറ്റ് വേഗത എങ്ങനെ നിയന്ത്രിക്കാമെന്ന് അവന് പഠിക്കാൻ കഴിയും. അങ്ങനെ അവൻ അത് പഠിച്ചാൽ, ഒരു അസാധാരണ പ്രതിഭയായി മാറുമെന്നും റായിഡു ചൂണ്ടിക്കാട്ടി. നേരത്തെയും പല താരങ്ങളും വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് ശൈലി ലാറയുടേതിന് സമാനമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വൈഭവ് സൂര്യവംശി ഒരു അപൂർവ പ്രതിഭയാണെന്നും ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ വരും വർഷങ്ങളിൽ മികച്ച കളിക്കാരിൽ ഒരാളായി മാറാനുള്ള കഴിവുണ്ടെന്നും റായുഡു വിശ്വാസം പ്രകടിപ്പിച്ചു. മാത്രമല്ല താരത്തിന് ഒരു ഉപദേശവും അദ്ദേഹം നൽകി. ആളുകൾ തന്നെക്കുറിച്ച് എന്താണ് സംസാരിക്കുന്നതെന്ന് യുവതാരം അധികം ശ്രദ്ധിക്കരുതെന്നായിരുന്നു ഇത്.
അനാവശ്യ ഉപദേശങ്ങൾ വഴിതെറ്റിക്കുമെന്നാണ് റായിഡു പറയുന്നത്. 'അവന് ഒരു കാര്യത്തിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളൂ, അതായത് അവൻ പലരുടെയും വാക്കുകൾ കേൾക്കരുത്. ആളുകളെ ശ്രദ്ധിക്കരുത്; തന്റെ കഴിവിനെ പിന്തുണയ്ക്കുക. പരിശീലകരെ സംബന്ധിച്ചിടത്തോളം, അധികം ഉപദേശം നൽകരുത് എന്നതും പ്രധാനമാണ്. അവനെ അവന്റെ വഴിക്ക് വിട്ടേക്കുക; റായിഡു കൂട്ടിച്ചേർത്തു.