ഇന്ത്യയുടെ ഇംഗ്ലണ്ട് 'ടെസ്റ്റ് പരീക്ഷ' അടുക്കുന്നു; ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര നേടിയിട്ടുണ്ടോ? കണക്കുകളിതാ
സതാംപ്റ്റണ്‍: നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഇന്ത്യ ഇതിനോടകം ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. മൂന്നാം തീയ്യതി ലണ്ടനിലെത്തിയ ഇന്ത്യ അഞ്ച് ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാവും പരിശീലനം ആരംഭിക്കുക. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ആദ്യം നടക്കുന്നത്. ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കും. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ടോ? കണക്കുകള്‍ പരിശോധിക്കാം.

ആദ്യ പരമ്പര 1932ല്‍
1932ലാണ് ആദ്യമായി ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഒരു മത്സരം മാത്രമുണ്ടായിരുന്ന മത്സരത്തില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. അതിന് ശേഷം 1936ലാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയത്. മൂന്ന് മത്സര പരമ്പരയില്‍ 2-0ന് ജയം ഇംഗ്ലണ്ടിനൊപ്പം.ഒരു മത്സരം ഇന്ത്യക്ക് സമനില പിടിക്കാനായി.10 വര്‍ഷത്തിന് ശേഷമുള്ള ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യക്ക് ജയിക്കാനായില്ല. മൂന്ന് മത്സര പരമ്പ 1-0ന് ആതിഥേയര്‍ തന്നെ ജയിച്ചു.
1952ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് മത്സരം ഉള്‍പ്പെട്ടിരുന്നു. 3-0ന് ജയം ഇംഗ്ലണ്ടിന് സ്വന്തം.1959ല്‍ നടന്ന പരമ്പരയില്‍ 5-0ന് ഇന്ത്യയെ ആതിഥേയര്‍ നാണംകെടുത്തി.1967ല്‍ മൂന്ന് മത്സര പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി.

1971ല്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് പരമ്പര നേട്ടം
ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഇന്ത്യ ആദ്യ ടെസ്റ്റ്പരമ്പര നേടിയത് 1971ല്‍. മൂന്ന് മത്സര പരമ്പരയിലെ രണ്ട് മത്സരം സമനിലയായപ്പോള്‍ ഒരു മത്സരം ഇന്ത്യ ജയിച്ചു. എന്നാല്‍ 1979ല്‍ നടന്ന പരമ്പരയില്‍ 3-0ന് ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട് പകരം വീട്ടി. 1982ല്‍ നടന്ന മൂന്ന് മത്സര പരമ്പരയിലും 1-0ന്റെ ജയം ഇംഗ്ലണ്ടിനൊപ്പം. 1986ല്‍ വീണ്ടും ഇന്ത്യ ജയിച്ചു. മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. 1990ല്‍ മൂന്ന് മത്സര പരമ്പര 1-0ന് ആതിഥേയര്‍ സ്വന്തമാക്കി.

1996-2007 കാലയളവിലെ പ്രകടനം
1996ലെ പര്യടനത്തില്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ടപ്പോള്‍ 1-0ന് ജയം ഇംഗ്ലണ്ടിന്. രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് സമനില നേടാനായി.ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തി.നാല് മത്സര പരമ്പരയില്‍ ഓരോ മത്സരം ഇരു ടീമും ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയായി. 2007ലെ പര്യടനത്തില്‍ രണ്ട് സമനില പിടിക്കാനായെങ്കിലും 1-0ന് പരമ്പര നേട്ടം ഇംഗ്ലണ്ടിന്.

2011-2018 കാലയളവില്‍ ഇന്ത്യക്ക് രക്ഷയില്ല
2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ നാണം കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 4-0നാണ് പരമ്പര ഇംഗ്ലണ്ട് നേടിയത്.2014ലെ പര്യടനത്തിലും ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. അഞ്ച് മത്സര പരമ്പരയില്‍ ഒരു മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് മത്സരം ആതിഥേയര്‍ക്ക് സ്വന്തം. ഒരു മത്സരം സമനിലയായി. 2018ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അഞ്ച് മത്സര പരമ്പരയില്‍ ഒരു മത്സരം ഇന്ത്യ ജയിച്ചെങ്കിലും നാല് മത്സരം ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടി.

2021ല്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?
2021ല്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ഓസ്‌ട്രേലിയയിലടക്കം പരമ്പര പിടിച്ചെടുത്ത തകര്‍പ്പന്‍ ടീം ഇന്ത്യക്കൊപ്പമുണ്ട്. മികച്ച ഫോമിലുള്ള ബാറ്റിങ് നിരയോടൊപ്പം വിദേശ മൈതാനങ്ങളില്‍ കളിച്ച് മികവ് കാട്ടി പരിചയസമ്പത്തുള്ള ബൗളിങ് നിരയുള്ളത് ഇന്ത്യയുടെ സാധ്യത ഉയര്‍ത്തുന്നു. അവസാനമായി ഇന്ത്യയില്‍ ഏറ്റുമുട്ടിയപ്പോള്‍ പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു. പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കാന്‍ മിടുക്കനായ കോലി എന്ന നായകന് കീഴില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ അത്ഭുതം കാട്ടുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications