മുംബൈ: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായാണ് ഇന്ത്യയുടെ എസ് എം ധോണി എണ്ണപ്പെടുന്നത്. ബാറ്റിംഗ് - വിക്കറ്റ് കീപ്പിംഗ് ജോലികള്‍ക്ക് പുറമേ ലക്ഷണമൊത്ത ക്യാപ്റ്റനായും തിളങ്ങുന്ന ധോണി ടീമിന് നല്‍കുന്ന ബാലന്‍സ് അക്ഷരാര്‍ഥത്തില്‍ വലുതാണ്. ട്വന്റി 20, ഏകദിന ലോകകപ്പ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ധോണിക്കും പിഴച്ചുതുടങ്ങിയോ, കണക്കുകൂട്ടലില്‍ ധോണിക്ക് വന്ന പിഴവാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ തോല്‍പിച്ചതെന്ന് കരുതുന്നവരുണ്ട്.
ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും വെസ്റ്റ് ഇന്‍ഡീസിനോടും മികച്ച വിജയങ്ങള്‍ നേടിയ ടീം ഇന്ത്യയ്ക്ക് കിട്ടിയ റിയാലിറ്റി ചെക്ക് ആയിരുന്നു ദക്ഷിണാഫ്രിക്കയില്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ച ശേഷമുള്ള ആദ്യത്തെ ടെസ്റ്റ് പരമ്പര എന്നതും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടൂറിനെ ശ്രദ്ധേയമാക്കി. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിച്ചിട്ടും ഒരു വിജയം പോലും നേടാന്‍ ഇന്ത്യയുടെ യുവനിരയ്ക്ക് കഴിഞ്ഞില്ല.

ഏകദിന പരമ്പരയില്‍ പൊരുതാന്‍ പോലും കഴിയാതെ തോറ്റ ഇന്ത്യ പക്ഷേ ടെസ്റ്റില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാട്ടി. സഹീര്‍ഖാനും മുഹമ്മദ് ഷാമിയും ബൗളിംഗില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ ധോണിയുടെ ക്യാപ്റ്റന്‍സി അവസരത്തിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടു. മികച്ച ഫോമില്‍ പന്തെറിഞ്ഞ ഷമിയെ മാറ്റി സഹീര്‍ഖാനെ തുടര്‍ച്ചയായ എട്ടോവറുകള്‍ പരീക്ഷിച്ച ധോണി കളി കൈവിട്ടു. അവസാനദിവസം എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 320 വേണമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്.
അവസാന ടെസ്റ്റ് കളിക്കുന്ന ജാക് കാലിസ് ഡര്‍ബനില്‍ സെഞ്ചുറി തികച്ചതിനോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയോട് നന്ദി പറയണം. ഇന്ത്യന്‍ സ്‌കോറിന് പിന്നില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 24 ഓവറുകളാണ് ധോണി പുതിയ പന്തെടുക്കാതെ നേരം കളഞ്ഞത്. 146 ഓവറുകളാണ് പഴയ പന്തില്‍ ഇന്ത്യ എറിഞ്ഞത്. ഫലമോ പത്ത് വിക്കറ്റ് തോല്‍വിയും. ക്യാപ്റ്റന്‍സി മാത്രമല്ല, ദയനീയമായ ബാറ്റിംഗ് ഫോമും ധോണി ആഫ്രിക്കയില്‍ പഴി കേള്‍ക്കാന്‍ കാരണമായി.