Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തീരുമാനങ്ങളെടുക്കാന്‍ ധോണിയെ വെല്ലാന്‍ ആരുണ്ട് ? ധോണി ഹീറോ മാത്രമല്ല, ചിലര്‍ക്കു വില്ലനുമായി!!

ദില്ലി: ക്രിക്കറ്റില്‍ മാത്രമല്ല കായികലോകത്ത് മിന്നല്‍ തീരുമാനങ്ങളെടുക്കുന്നവര്‍ അപൂര്‍വ്വമാണ്. ഇവര്‍ക്കിടയില്‍ മഹേന്ദ്രസിങ് ധോണിയെന്ന ജാര്‍ഖണ്ഡുകാരന്‍ എക്കാലവും ഓര്‍മിക്കപ്പെടും.

ഏകദേശം 10 വര്‍ഷങ്ങള്‍ക്കു മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ ധോണി പിന്നീട് ഇന്നുവരെ കളിക്കളത്തില്‍ അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായുള്ള മറ്റൊരു പ്രഖ്യാപനത്തിലൂടെ ധോണി വീണ്ടും അതു തെളിയിച്ചു. ഏകദിന, ട്വന്റി ടീമിന്റെ ക്യാപ്റ്റന്‍സി ധോണി ബുധനാഴ്ച രാത്രി ഒഴിയുമ്പോള്‍ അത് ഏവരെയും അമ്പരപ്പിക്കുക തന്നെ ചെയ്തു.

ധോണിക്ക് ഹീറോ പരിവേഷം മാത്രമല്ല വില്ലന്റെ പരിവേഷവുമുണ്ട്. ഗൗതം ഗംഭീര്‍, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ് എന്നിവരെക്കൂടാതെ മറ്റു ചില മുതിര്‍ന്ന താരങ്ങളുടെയും കരിയര്‍ അവസാനിക്കാന്‍ ധോണിയാണ് കാരണക്കാരെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

ആദ്യ പരീക്ഷണം ജോഗീന്ദറില്‍

2007ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിന്റെ ഫൈനലില്‍ ധോണിയെടുത്ത ആ തീരുമാനം ഇന്നും ഏവരുടെയും മനസ്സില്‍ മായാതെയുണ്ടാവും. ചിരവൈരികളായ പാകിസ്താനെതിരായ ഫൈനലിലെ അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് ഒരു വിക്കറ്റ്, പാകിസ്താന് വേണ്ടത് 13 റണ്‍സ്. പരിചയസമ്പന്നനായ ഹര്‍ഭജന്‍ സിങിനു പകരം അന്നു ധോണി പന്ത് നല്‍കിയത് പുതുമുഖം ജോഗീന്ദറിനാണ്.

ജോഗീന്ദറിനോടു ധോണി പറഞ്ഞത് ?

പാക് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് രണ്ടാമത്തെ പന്ത് സിക്‌സറിലേക്കു പറത്തിയതോടെ നാലു പന്തില്‍ അവരുടെ ലക്ഷ്യം ആറു റണ്‍സ്. തൊട്ടടുത്ത പന്തില്‍ മിസ്ബാഹിനെ ശ്രീശാശാന്തിന്റെ കൈകളിലെത്തിച്ച് ജോഗീന്ദര്‍ ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയായി.
അന്ന് അവസാന ഓവറില്‍ പന്ത് ഏല്‍പ്പിക്കുമ്പോള്‍ ധോണി ജോഗീന്ദറിനോട് പറഞ്ഞത് ഇതായിരുന്നു- ആഭ്യന്തര ക്രിക്കറ്റില്‍ ഒഴിഞ്ഞ വേദികളില്‍ നിങ്ങള്‍ ആസമര്‍പ്പണത്തോടെ പന്തെറിഞ്ഞിട്ടുണ്ട്. ടെന്‍ഷനടിക്കേണ്ട. ക്രിക്കറ്റ് നിങ്ങളെ കൈവിടില്ല.

യുവതാരങ്ങളെ വളര്‍ത്തിയെടുത്തു

രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍ എന്നീ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ധോണി നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഫോം നഷ്ടമായപ്പോള്‍ പലപ്പോഴും ധോണിയുടെ ഇടപെടല്‍ കൊണ്ടു മാത്രമാണ് രോഹിത്തും റെയ്‌നയും പിന്നീട് ടീമിലെത്തിയത്.

ചാപ്പല്‍ ആഗ്രഹിച്ചത് ധോണി ചെയ്തു

ഇന്ത്യയെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ശക്തികളാക്കുകയായിരുന്നു ഗ്രെഗ് ചാപ്പല്‍ പരിശീലകനായപ്പോള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അന്ന് സചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നീ സീനിയര്‍ താരങ്ങള്‍ക്ക് കളിക്കളത്തിനകത്തും ബോര്‍ഡിലുമുള്ള ആധിപത്യം തകര്‍ക്കാന്‍ ചാപ്പലിനായില്ല. പക്ഷെ ധോണി ക്യാപ്റ്റനായി എത്തിയതോടെ ടീമിനെ ഒന്നടങ്കം ഉടച്ചുവാര്‍ത്തു. ഉഴപ്പുന്ന സീനിയര്‍ താരങ്ങളെ നിഷ്‌കരുണം ഒഴിവാക്കാന്‍ ധോണിക്ക് യാതൊരു മടിയുമില്ലായിരുന്നു.

സീനിയേഴ്‌സിനെതിരേ തുറന്നടിച്ചു

2007-08 സീസണില്‍ മുതിര്‍ന്ന കളിക്കാരായ ഗാംഗുലി, ദ്രാവിഡ്, വിവി എസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരേ ധോണി തുറന്നടിച്ചത് ചര്‍ച്ചയായിരുന്നു. കളിക്കളത്തില്‍ ഇവര്‍ക്കു വേഗം കുറവാണെന്നും ആധുനിക ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുമാണ് അന്നു ധോണി ചൂണ്ടിക്കാട്ടിയത്.

വീണ്ടും ഇത് ന്യായീകരിച്ചു

തന്റെ ആത്മകഥയില്‍ അന്നു ധോണി അന്നത്തെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ഇവര്‍ക്കു കഴിവ് കുറവാണെന്നും ഇതു മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ഏഴുതി.

2011-12 കഷ്ടകാലം

2011-12 സീസണ്‍ ധോണിയെന്ന ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം വളരെ മോശമായിരുന്നു. തുടര്‍ച്ചയായി ഏഴ് എവേ ടെസ്റ്റുകളാണ് ഇന്ത്യ പരാജയപ്പെട്ടത്. പക്ഷെ ധോണി കീഴടങ്ങിയില്ല. സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവര്‍ ടീമിലുള്ളതു മൂലം ഓരോ കളിയിലും ചുരുങ്ങിയത് 20 റണ്‍സെങ്കിലും നഷ്ടമാവുന്നുണ്ടെന്ന് ധോണി തുറന്നടിച്ചു. പിന്നീട് ആസ്‌ത്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ ഇവരിലൊരാളെ പുറത്തിരുത്തുകയും ചെയ്തു. സച്ചിനെപ്പോലും ടീമില്‍ നിന്നൊഴിവാക്കാന്‍ ധോണി മടിച്ചുനിന്നിട്ടില്ല.

കോലിയുടെ ജയത്തിനു പിന്നില്‍ ധോണി

വിരാട് കോലിയെ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനാക്കി വളര്‍ത്തിയെടുക്കുന്നതില്‍ ധോണി വഹിച്ച പങ്ക് വളരെ വലുതാണ്. കോലിക്ക് ക്യാപ്റ്റനാവാനുള്ള മികവുണ്ടോയെന്ന് ബോര്‍ഡിലെ പലരും ശങ്കിച്ചുനിന്നപ്പോള്‍ ശക്തമായി വാദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തത് ധോണിയായിരുന്നു.

കളിക്കളത്തില്‍ 100 ശതമാനവും നല്‍കും

ഓരോ മല്‍സരത്തിനിറങ്ങുമ്പോഴും ശാരീരികമായും മാനസികമായും 100 ശതമാനവും നല്‍കാന്‍ ശ്രമിക്കുന്ന ക്യാപ്റ്റനായിരുന്നു ധോണി. മല്‍സരം ഉച്ചയ്‌ക്കോ രാത്രിയോ ആണെങ്കില്‍ അതിനു മുമ്പ് പരമാവധി വിശ്രമിച്ച് കൂടുതല്‍ ഉന്‍മേഷത്തോടെ കളിക്കുകയെന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്.

ഈ നേട്ടം ധോണിക്കു മാത്രം

ഐസിസിയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മൂന്നു പ്രധാന ടൂര്‍ണമെന്റുകളിലും കിരീടം ചൂടിയ ഏക ക്യാപ്റ്റനെന്ന റെക്കോഡ് ഇപ്പോഴും ധോണിക്കു മാത്രമാണ്. ട്വന്റി ട്വന്റി ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയിലെല്ലാം ധോണിക്കു കീഴില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചു.

ടെസ്റ്റ് വിരമിക്കലും അപ്രതീക്ഷിതം

ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് ഏവരെയും അമ്പരപ്പിച്ച ധോണി ഇതുപോലെ തന്നെയാണ് ടെസ്റ്റില്‍ നിന്നു വിരമിക്കുന്നതായും പ്രഖ്യാപിച്ചത്. 2014 ഡിസംബര്‍ 31 നായിരുന്നു ധോണി ടെസ്റ്റിനോട് ഗുഡ്‌ബൈ പറഞ്ഞത്.

സച്ചിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച ക്യാപ്റ്റന്‍

അത്യുജ്ജ്വലമായ കരിയറില്‍ ആഗ്രഹിച്ചതെല്ലാം നേടിയിട്ടും ഒരു ലോകകപ്പിന്റെ കുറവ് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുണ്ടായിരുന്നു. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരടക്കം പല ക്യാപ്റ്റന്‍മാര്‍ക്കും സാധിക്കാതിരുന്ന ഈ നേട്ടം സച്ചിന് സമ്മാനിച്ചത് ധോണിയാണ്. 2015ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ സച്ചിനുള്‍പ്പെടെ ടീമിനെ കിരീടണിയിച്ചാണ് ധോണി ആരാധരകരുടെ മനം നിറച്ചത്. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ തകര്‍പ്പന്‍ സിക്‌സറിലൂടെയായിരുന്നു ധോണി വിജയറണ്‍സ് കുറിച്ചത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റന്‍

രാജ്യം കണ്ട എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റനെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. 199 മല്‍സരങ്ങളില്‍ നയിച്ച അദ്ദേഹത്തിന് 110ലും ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചു.

തുടക്കം ആക്രമണം, പിന്നെ ചിന്തിക്കുന്ന താരം

കരിയറിന്റെ തുടക്കകാലത്ത് എതിര്‍ ബൗളര്‍മാരെ കണ്ണുംപൂട്ടി ആക്രമിക്കുന്ന ശൈലിയാണ് ധോണി സ്വീകരിച്ചിരുന്നത്. എന്നാല്‍ ക്യാപ്റ്റനായതോടെ അദ്ദേഹം കൂടുതല്‍ പക്വതയാര്‍ജിച്ചു. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനില്‍ നിന്ന് പിന്നീട് അദ്ദേഹം മധ്യനിരയിലേക്ക് ഇറങ്ങി തന്റെ ഉത്തരാവാദിത്വം നന്നായി നിറവേറ്റുകയും ചെയ്തു

 2019ലെ ലോകകപ്പ് കളിക്കുക മോഹം

2019ലെ ഏകദിന ലോകകപ്പില്‍ കൂടി കളിച്ച് ക്രിക്കറ്റിനോടു വിടപറയുകയാണ് ഇപ്പോള്‍ ധോണിയുടെ സ്വപ്നം. എന്നാല്‍ അതു യാഥാര്‍ഥ്യമാക്കാന്‍ ഇനിയുള്ള രണ്ടു വര്‍ഷം അദ്ദേഹത്തിന് സ്ഥിരതയാര്‍ന്ന പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

Story first published: Thursday, January 5, 2017, 11:33 [IST]
Other articles published on Jan 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+