പെര്‍ത്ത്: കൂറ്റനടിക്കാരായ ഗെയിലും ഡിവില്ലിയേഴ്‌സും ഫോമിലായാല്‍ പിന്നെ ബൗള്‍മാര്‍ക്കോ ക്യാപ്റ്റന്‍മാര്‍ക്കോ ഒന്നും ചെയ്യാനിലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. വെള്ളിയാഴ്ച വെസ്റ്റിന്‍ഡീസിനെ നേരിടുന്നതിന്റെ മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൂറ്റനടിക്കാരായ ബാറ്റ്‌സ്മാന്മാര്‍ ഫോമിലായാല്‍ തന്ത്രങ്ങളില്ലാതെ കളിക്കുകയാണ് തന്റെ തന്ത്രമെന്ന് ധോണി പറഞ്ഞു. സിക്‌സര്‍ അടിക്കുമ്പോള്‍ ഫീല്‍ഡര്‍മാരെ എവിടെയാണ് വിന്യസിക്കുക. ബൗളര്‍മാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാതെ സ്വാഭാവികമായി പന്തെറിയാനാണ് നിര്‍ദ്ദേശം നല്‍കാറുള്ളത്. ബാറ്റ്‌സ്മാന്‍മാര്‍ നല്‍കുന്ന അര്‍ദ്ധാവസരങ്ങള്‍ പോലും മുതലാക്കുകയാണ് ചെയ്യാവുന്ന കാര്യമെന്നും ധോണി വിശദീകരിച്ചു.

മിന്നുന്ന ഫോമില്‍ കളിക്കുന്ന ഡിവില്ലിയേഴ്‌സ് ഇന്ത്യയ്‌ക്കെതിരെ 30 റണ്‍സെടുത്തു നില്‍ക്കേ റണ്ണൗട്ട് ആവുകയായിരുന്നു. തൊട്ടുപിന്നാലെ വെസ്റ്റിഡീസിനെതിരെ സംഹാര താണ്ഡവമാടി ഡിവില്ലിയേഴ്‌സ് തന്റെ വിശ്വരൂപം പുറത്തെടുക്കുകയും ചെയ്തു. ഗെയില്‍ ആകട്ടെ സിംബാവെക്കെതിരെ ഡബിള്‍ സെഞ്ച്വറി അടിച്ചാണ് തന്റെ മികവുകാട്ടിയത്.
വെള്ളിയാഴ്ച വെസ്റ്റിന്‍ഡീസിനെ നേരിടുമ്പോള്‍ ഗെയിലിനെ ആദ്യം വീഴ്ത്തുന്നത് എങ്ങനെയെന്നതുതന്നെയാകും ധോണിയുടെ കണക്കു കൂട്ടല്‍. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം തന്നെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും ജയിച്ച് ആധികാരികമായി ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയാണ് ഇന്ത്യയുെ ലക്ഷ്യം.