ലോകകപ്പ്: ധോണിയെ ഇന്ത്യക്കു വേണോ? സങ്കക്കാരയുടെ അഭിപ്രായം ഇങ്ങനെ...

കൊളംബോ: ലോക ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളും ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമാണ് മുന്‍ നായകന്‍ കൂടിയായ കുമാര്‍ സങ്കക്കാര. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ ഇന്ത്യ കളിപ്പിക്കണമോയെന്ന കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
നിലവില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനം തേടി മൂന്നു വിക്കറ്റ് കീപ്പര്‍മാരാണ് രംഗത്തുള്ളത്. ധോണിയെക്കൂടാതെ മറ്റൊരു വെറ്ററന്‍ താരമായ ദിനേഷ് കാര്‍ത്തിക്, യുവതാരം റിഷഭ് പന്ത് എന്നിവരും ലോകകപ്പ് സംഘത്തില്‍ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

ലോകകപ്പില്‍ അനുഭവസമ്പത്തിന് പ്രാധാന്യം
ധോണി തീര്‍ച്ചയായും ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ വേണമെന്ന അിപ്രായമാണ് സങ്കക്കാരയ്ക്കുള്ളത്. ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യക്കു വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പില്‍ അനുഭവസമ്പത്തിന് വലിയ വില തന്നെയാണുള്ളത്. അനുഭവസമ്പത്തിന്റെ കാര്യത്തില്‍ ധോണി ശരിക്കും രാജാവ് തന്നെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ അനുഭവസമ്പത്ത് ഇന്ത്യ ഉപയോഗിക്കണമെന്നും സങ്കക്കാര ആവശ്യപ്പെട്ടു.

കോലിക്കും സഹായമാവും
അനുഭവസമ്പത്ത് മാത്രമല്ല ടീമില്‍ ധോണിയുണ്ടെങ്കില്‍ അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും ലോകകപ്പില്‍ മുതല്‍ക്കൂട്ടാവുമെന്ന് 41 കാരനായ സങ്കക്കാര വ്യക്തമാക്കി. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെടുന്ന വ്യക്തിയാണ് ധോണി. ഏറെ സമ്മര്‍ദ്ദമുണ്ടാവുന്ന ലോകകപ്പില്‍ അത്തരമൊരാള്‍ തങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ അത് നായകന്‍ കോലിയുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെമന്നും സങ്കക്കാര പറഞ്ഞു.

അവസാന ലോകകപ്പ്?
ഇന്ത്യക്കു രണ്ടു തവണ ലോകകിരീടം നേടിത്തന്ന ധോണിയുടെ കരിയറിലെ ഒരുപക്ഷെ അവസാന ലോകകപ്പ് കൂടിയായിരിക്കും ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്നത്. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യം സംശയമാണ്. തന്റെ ഭാവിയെക്കുറിച്ച് ധോണി മൗനം പാലിക്കുകയാണെങ്കിലും ഈ ലോകകപ്പിനു ശേഷം ധോണി ഇതേക്കുറിച്ച് വെളിപ്പെടുത്തുമെന്നാണ് സൂചനകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications