പ്ലെയിങ് ഇലവന്
ആര്‍സിബിയുടെ മികച്ച പ്ലെയിങ് ഇലവന് ഏതാണെന്ന ധാരണയില്ലാത്തതാണ് കോലിയുടെ ഏറ്റവും വലിയ പോരായ്മയെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത പ്ലെയിങ് ഇലവനില്‍ ക്യാപ്റ്റന്‍ ഹാപ്പിയാവണ്ടത് പ്രധാനമാണ്. എങ്കില്‍ മാത്രമേ ശാന്തമായി ടീമിനെ നയിക്കാന്‍ കഴിയൂ.
പക്ഷെ ചിലപ്പോള്‍ ഏതാണ് മികച്ച ഇലവനെന്നു തിരിച്ചറിയാന്‍ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിച്ചാലും ഒരു ക്യാപ്റ്റന്‍ മനസ്സിലാക്കാന്‍ കഴിയില്ല. അപ്പോഴാണ് ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതെന്നും ഗംഭീര്‍ വിശദമാക്കി.
ആര്‍സിബിയുടെ ബാറ്റിങ് നിര
ആര്‍സിബിയുടെ ബാറ്റിങ് നിര ഇത്തവണയും വളരെ കരുത്തുറ്റതാണ്. മുന്‍ സീസണുകളുമായി താരതമ്യം ചെയയുമ്പോള്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ക്കു ഒരു കാര്യത്തില്‍ ആശ്വസിക്കാം. കാരണം ഇത്തവണ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏഴു മല്‍സരങ്ങൡ ബൗള്‍ ചെയ്യേണ്ടല്ലോയെന്നതാവും അവരുടെ ആശ്വാസമെന്നും ഗംഭീര്‍ പറഞ്ഞു.
സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിലാണ് കോലിയെയും ആര്‍സിബിയെയും അദ്ദേഹം വിശകലനം ചെയ്തത്.
ധോണി ഒരേ ടീമിനെ കളിപ്പിക്കും
ധോണിയും കോലിയും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം ധോണി ഒരേ താരങ്ങളെ തന്നെ ആറ്- ഏഴ് മല്‍സരങ്ങളില്‍ നിലനിര്‍ത്തുമെന്നതാണ്. പക്ഷെ കോലിയുടെ രീതി വേറെയാണ്. അദ്ദേഹം പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. കാരണം കോലിക്കു തന്റെ പ്ലെയിങ് ഇലവനെക്കുറിച്ച് എല്ലായ്പ്പോഴും സംശയമുണ്ടെന്നതാണ്. ടീം സന്തുലിതമാണോയെന്ന് അദ്ദേഹം എപ്പോഴും സംശയിച്ചു കൊണ്ടിരിക്കുന്നതായും ഇതാണ് മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ഗംഭീര്‍ പറയുന്നു.
ആര്‍സിബി ഒരേ ടീമിനെ കളിപ്പിക്കണം
പുതിയ സീസണിലെ ഐപിഎല്ലില്‍ ഒരുപക്ഷെ തുടക്കം മോശമായാലും ചുരുങ്ങിയത് ആറ്-ഏഴ് മല്‍സരങ്ങളില്‍ ഒരേ ഇലവനെ തന്നെ ആര്‍സിബി നിലനിര്‍ത്തണമെന്നാണ് തന്റെ അഭിപ്രായം. എങ്കില്‍ മാത്രമേ താരരങ്ങളില് നിന്നും പ്രതീക്ഷിച്ച പ്രകടനം ലഭിക്കുകയുള്ളൂ. ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ക്കു ശേഷം അവരെ മാറ്റിയാല്‍ അത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും.
ഇതാണ് ഏറ്റവും സന്തുലിതമായ ആര്‍സിബി ടീമെന്ന വിശ്വാസത്തോടെ ശാന്തനായി കോലി ടീമിനെ നയിക്കണം. ഈ താരങ്ങളില്‍ കോലിയും ആര്‍സിബിയും എത്രത്തോളം വിശ്വാസം പുലര്‍ത്തുന്നുവെന്നതും അവര്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 21ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയാണ് ഈ സീസണില്‍ ആര്‍സിബിയുടെ ആദ്യ മല്‍സരം.