മുംബൈ: രണ്ട് ലോകകപ്പ് ഉള്‍പ്പെടെ ഐസിസിയുടെ എല്ലാ കിരീടങ്ങളും ഇന്ത്യയുടെ ഷോകേസിലെത്തിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിയെ ബിസിസിഐ തരം താഴ്ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് ഇന്ത്യ താരങ്ങളുമായുള്ള കരാറില്‍ ഏര്‍പ്പെടുന്നതും പ്രതിഫലം തീരുമാനിക്കുന്നതും. ഇതിലാണ് മാറ്റം വരുത്തുകയെന്നാണ് വിവരം.
എ, ബി, സി എന്നീ കാറ്റഗറികളിലായാണ് ഇപ്പോള്‍ താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെ കാറ്റഗറികളില്‍ മാറ്റം വരുത്താനാണ് ബിസിസിഐയുടെ ആലോചന. നിലവില്‍ ധോണി എ ഗ്രൂപ്പിലാണ്. ഈ ഗ്രൂപ്പിലുള്ളവര്‍ക്ക് 2 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ബിയില്‍ ഒരു കോടി രൂപയും സി യില്‍ 50 ലക്ഷം രൂപയും പ്രതിഫലം ലഭിക്കുന്നു.

എന്നാല്‍, ബിസിസിഐ അഡ്മിനിസ്‌ട്രേറ്റര്‍ കമ്മറ്റിയുടെ പുതിയ നിര്‍ദ്ദേശപ്രകാരം എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നവരെ മാത്രമേ ആദ്യത്തെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തൂ. ഇതോടെ, നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച എംഎസ് ധോണിക്ക് ആദ്യ കാറ്റഗറിയിലെ സ്ഥാനം നഷ്ടമാകുന്നതിനൊപ്പം പ്രതിഫലത്തിലും ഇടിവ് സംഭവിക്കും.

അതേസമയം, ആദ്യ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് സ്ഥാനചലനമുണ്ടായേക്കില്ലെന്നാണ് സൂചനകള്‍. ടെസ്റ്റില്‍ മാത്രം കളിക്കുന്ന ഇവര്‍ ഏകദിനത്തിലും ടി20യിലും ഏതാണ്ട് പുറത്തായിക്കഴിഞ്ഞെങ്കിലും കാറ്റഗറിയില്‍ നിന്നും മാറ്റിയേക്കില്ല. കമ്മറ്റിയുടെ നിര്‍ദ്ദേശം അന്തിമമായി അംഗീകരിച്ചിട്ടില്ല. മുന്‍നിര താരങ്ങള്‍ ഇതിനെ എതിര്‍ത്താല്‍ നിര്‍ദ്ദേശം തള്ളിയേക്കാം. അടുത്തിടെ വിരാട് കോലി, എംഎസ് ധോണി, രവി ശാസ്ത്രി തുടങ്ങിയവര്‍ ബിസിസിഐയെ കണ്ടതിനുശേഷമാണ് താരങ്ങളുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചത്.